നേതാക്കളോട് ക്ഷുഭിതനായി കെ സുധാകരൻ; പാർട്ടി വിടാനും ആലോചന, എന്താകും തീരുമാനം
എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് തീരുമാനത്തോടെ കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. സീറ്റില്ലാതെ മടങ്ങില്ലെന്ന വാശിയിൽ ഡൽഹിയിലെ ഫ്‌ളാറ്റിൽ തുടരുകയാണ് സുധാകരൻ. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാകുമോയെന്ന ആശങ്ക ഹൈക്കമാൻഡിനുമുണ്ട്.
അനുനയത്തിന് വിളിച്ച നേതാക്കളോട് കെ സുധാകരൻ ക്ഷുഭിതനായെന്നാണ് വിവരം. പാർട്ടി വിടാനും സുധാകരൻ ആലോചിക്കുന്നുണ്ട്. എന്റെ കാര്യം ഞാൻ നോക്കിക്കോളാമെന്നാണ് തന്നെ വിളിച്ചവരോട് സുധാകരൻ പറഞ്ഞത്. അർധരാത്രി വരെ ചർച്ചകൾ എഐസിസി ആസ്ഥാനത്ത് നടക്കുമ്പോഴും ബാക്കി നാളെ നോക്കാമെന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരൻ ഉറങ്ങാൻ കിടന്നത്.
രാവിലെ എന്താകും സുധാകരന്റെ പ്രതികരണമെന്നത് മാധ്യമങ്ങളും കാത്തുനിൽക്കുകയാണ്. സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം ഇന്നും നേതാക്കൾ തുടരും. എന്നാൽ ഇതിന് വഴങ്ങിയില്ലെങ്കിൽ സുധാകരൻ വിമതനായി മത്സരിക്കാനും സാധ്യതയേറെയാണ്. നാമനിർദേശ പത്രിക കൊടുക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും സുധാകരൻ നടത്തിയിരുന്നു.
