അധിക നികുതി കൊടുക്കരുതെന്ന ആഹ്വാനം പിൻവലിച്ച് കെ സുധാകരൻ
Sat, 11 Feb 2023

അധിക നികുതി കൊടുക്കരുതെന്ന ആഹ്വാനം പിൻവലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായിയുടെ മുൻ പ്രഖ്യാപനത്തെ പരിഹസിച്ചതാണെന്നും അല്ലാതെ കാര്യമായി പറഞ്ഞതല്ലെന്നുമാണ് സുധാകരൻ ഇപ്പോൾ പറയുന്നത്. നികുതി നൽകരുതെന്ന തരത്തിലുള്ള പ്രഖ്യാപനത്തിന് മുമ്പ് ചർച്ചകൾ നടത്തണം. സമര ആഹ്വാനമല്ല നടത്തിയത്.
പ്രതിപക്ഷ നേതാവിനോട് ആശയവിനിമയം നടത്തിയിരുന്നില്ല. സർക്കാർ തിരുത്തിയില്ലെങ്കിൽ ബഹിഷ്‌കരണത്തിൽ ആലോചിച്ച് തീരുമാനിക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ബജറ്റിൽ നിർദേശിച്ച അധിക നികുതി കൊടുക്കരുതെന്നും നടപടി വന്നാൽ കോൺഗ്രസ് പാർട്ടി സംരക്ഷിക്കുമെന്നും ഇന്നലെ സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ ഇത്തരമൊരു പ്രഖ്യാപനം അറിഞ്ഞില്ലെന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സുധാകരൻ പ്രഖ്യാപനം പിൻവലിച്ചത്.