കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവന; പരാതി നൽകുമെന്ന് ഡിവൈഎഫ്‌ഐ
Tue, 28 Mar 2023

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പരാതി നൽകുമെന്ന് ഡിവൈഎഫ്‌ഐ. മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകുകയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി സനോജ് അറിയിച്ചു. സിപിഎമ്മിലെ വനിതാ നേതാക്കൾ പണം അടിച്ചുമാറ്റി കൊഴുത്തെന്നും എന്നിട്ട് കേരളത്തിലെ സ്ത്രീകളെ കളിയാക്കുകയാണ് എന്നുമായിരുന്നു സുരേന്ദ്രന്റെ പരാമർശം
പ്രതിപക്ഷ നേതാക്കളടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. രണ്ട് പരാതികളാണ് നിലവിൽ സുരേന്ദ്രനെതിരെ ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് വീണ എസ് നായരും സിപിഎം പ്രവർത്തകൻ അൻവർ ഷാ പാലോടുമാണ് പരാതികൾ നൽകിയത്. സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണെന്നും വീണ എസ് നായർ പരാതിയിൽ പറയുന്നു.