കള്ളാടി മണ്ണിടിച്ചിൽ: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ച; ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട്
കൊച്ചി: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് (KSDMA) ഗുരുതരമായ നിയമപരമായ വീഴ്ച സംഭവിച്ചതായി അമിക്കസ് ക്യൂറി റിപ്പോർട്ട്. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ അമിക്കസ് ക്യൂറിയായി റിപ്പോർട്ട് സമർപ്പിച്ചത്.
കള്ളാടി ദുരന്തം പ്രവചനാതീതമായിരുന്നില്ലെന്നും അപകടം ഒഴിവാക്കാൻ നിർമാണ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണുകൂമ്പാരം അടിയന്തരമായി നീക്കം ചെയ്യണമെന്ന് അഞ്ച് തവണ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) രേഖാമൂലം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.
പരിസ്ഥിതി അനുമതിയുള്ള പദ്ധതിയായതിനാൽ തങ്ങൾക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ജൂൺ 3-ന് ഫയൽ മടക്കുകയാണുണ്ടായത്. അതോറിറ്റി തങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയതാണ് ഈ ദുരന്തത്തിന് പ്രാഥമിക കാരണമെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാണിക്കുന്നു. ദുരന്ത സാധ്യതയുള്ള ഏത് നിർമാണവും പരിശോധിക്കാൻ അതോറിറ്റിക്ക് നിയമപരമായ അധികാരമുണ്ടെന്നിരിക്കെയാണ് ഈ പിൻവാങ്ങൽ. ജൂൺ 3-ലെ കെ.എസ്.ഡി.എം.എ.യുടെ ഈ തീരുമാനം പിൻവലിക്കാൻ കോടതി ഉത്തരവിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
പ്രധാന ശുപാർശകൾ:
സ്വതന്ത്രമായ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നത് വരെ തുരങ്ക നിർമ്മാണം നിർത്തിവെയ്ക്കണം.
കരാർ കമ്പനിയുടെ സുരക്ഷാവീഴ്ചകളും നിയമലംഘനങ്ങളും പ്രത്യേകം പരിശോധിക്കണം.
അപകടകരമായ നിലയിലുള്ള മണ്ണുകൂമ്പാരം ശാസ്ത്രീയമായി നീക്കാൻ സമയബന്ധിത പദ്ധതി തയ്യാറാക്കണം.
പാരിസ്ഥിതികമായി അതീവ സ്രാവക മേഖലകളിൽ കരാർ നൽകുമ്പോൾ കർശനമായ മേൽനോട്ടവും കമ്പനിയുടെ മുൻകാല പശ്ചാത്തലവും പരിശോധിക്കണം.
ദുരന്തസാധ്യതയുള്ള വലിയ വികസന പദ്ധതികൾക്ക് 'ഡിസാസ്റ്റർ ഇംപാക്ട് അസസ്മെന്റ്' (Disaster Impact Assessment) നിർബന്ധമാക്കണം.
