കിഫ്ബിയില്‍ കണ്ണൂരിന് മുന്‍ഗണന; സമ്പൂര്‍ണ്ണമായി പൊളിച്ചെഴുതും: ധവളപത്രത്തില്‍ രൂക്ഷവിമര്‍ശനം
തിരുവനന്തപുരം: സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തില്‍ കിഫ്ബിക്കെതിരെ രൂക്ഷവിമര്‍ശനം. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയാണെന്നും സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിയെ സങ്കീര്‍ണ്ണമാക്കുന്നതാണെന്നും ധവളപത്രത്തില്‍ പറയുന്നു. കിഫ്ബി അടിമുടി പൊളിച്ചെഴുതണം. പദ്ധതിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കിഫ്ബിയുടെ മുന്‍ഗണനകളിലും ധവളപത്രം സംശയം പ്രകടിപ്പിച്ചു. കിഫ്ബിയില്‍ കണ്ണൂര്‍ ജില്ലയ്ക്ക് മാത്രം 20 ശതമാനം തുക അനുവദിക്കുകയും 19 ശതമാനം തുക നല്‍കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയ്ക്ക് ഇത് 17 ശതമാനവും എറണാകുളം ജില്ലയ്ക്ക് 11 ശതമാനവുമാണ്. പദ്ധതി വിതരണത്തില്‍ തന്ത്രപരമായ മുന്‍ഗണനയേക്കാള്‍ രാഷ്ട്രീയമാണ് പ്രതിഫലിച്ചതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. അനുവദിച്ച 68 ശതമാനം ഫണ്ടില്‍ പൊതുമരാമത്തിന് 34 ശതമാനം, വ്യവസായം 25 ശതമാനം, ആരോഗ്യം, കുടുംബ ക്ഷേമം 9 ശതമാനം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം പറയുന്നത്.
കിഫ്ബിയുടെ കടമെടുപ്പ് തീരുമാനങ്ങള്‍ക്കുമേല്‍ ധനവകുപ്പിന് പൂര്‍ണനിയന്ത്രണം ഇല്ല. എന്നാല്‍ ബാധ്യതകളും പ്രത്യാഘാതങ്ങളും ധനവകുപ്പിനെ ബാധിക്കുകയും ചെയ്യും. കിഫ്ബി കടമെടുപ്പിനെ ഔദ്യോഗിക ബജറ്റില്‍ നിന്നും ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ബാധ്യതകള്‍ സംബന്ധിച്ച് സഭയെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കും. കിഫ്ബി അക്കൗണ്ടിലും മസാല ബോണ്ടിലും കണ്‍സള്‍ട്ടന്‍സികള്‍ക്ക് പണം നല്‍കിയതിലും കടമെടുത്ത പണം ബാങ്കുകളില്‍ നിക്ഷേപിച്ചതിലും ഫൊറന്‍സിക് ഓഡിറ്റ് നടത്തുമെന്നും ധവളപത്രത്തിലുണ്ട്.
