കാസർകോട് ഉദുമയിൽ സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് മകളുടെ പരാതി

sangeetha

കാസർകോട് ഉദുമയിൽ സിപിഎം നേതാവ് മകളെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായി പരാതി. സിപിഎം ഏരിയാ കമ്മിറ്റി അംഗം പിവി ഭാസ്‌കരന്റെ മകൾ സംഗീതയാണ് ഗുരുതര ആരോപണങ്ങളുമായി വീഡിയോ സന്ദേശം പുറത്തുവിട്ടത്. വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന തന്റെ സ്വത്ത് തട്ടിയെടുക്കാൻ കുടുംബം ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്ന് യുവതി പറയുന്നു

ഇതര മതസ്ഥനായ യുവാവിനെ വിവാഹം കഴിക്കണമെന്ന് അറിയിച്ചതോടെയാണ് വീട്ടിൽ പൂട്ടിയിട്ടതെന്നും സംഗീത വീഡിയോയിൽ പറയുന്നു. അഞ്ച് മാസത്തോളമായി വീട്ടുതടങ്കലിലാണ്. അരയ്ക്ക് താഴെ തളർന്ന എന്റെ ചികിത്സയെല്ലാം നിർത്തിവെച്ചു. മുസ്ലിം ആയ വ്യക്തിക്ക് ജീവിതത്തിൽ അഭിപ്രായ സ്വാതന്ത്രം കൊടുത്തതിന്റെ പേരിലും അദ്ദേഹത്തെ വിശ്വസിച്ചതിന്റെ പേരിലും കുടുംബം മാനസികമായും ശാരീരികമായും കടുത്ത പീഡനമാണ് നേരിടേണ്ടി വരുന്നത്

ഒരു മകളോട് പറയാനോ ചെയ്യാനോ പാടില്ലാത്ത അത്രയും കാര്യങ്ങളാണ് എന്റെ അച്ഛൻ ചെയ്യുന്നത്. അദ്ദേഹത്തെ പറഞ്ഞാൽ എല്ലാവരും അറിയും. ഉദുമയിലെ കമ്മ്യൂണിസ്റ്റ് നേതാവാണ്, പിവി ഭാസ്‌കരൻ എന്നും സംഗീത വീഡിയോയിൽ പറയുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ കൊല്ലാനും അതിൽ നിന്ന് ഊരിപോരാനും തനിക്കറിയാമെന്ന് അച്ഛൻ മുഖത്ത് നോക്കി പറഞ്ഞതായും സംഗീത പറയുന്നു

വിവാഹമോചിതയാണ് സംഗീത. വാഹനാപകടത്തെ തുടർന്ന് അരയ്ക്ക് താഴെ തളർന്നു കിടക്കുകയാണ്. അടുത്തിടെ നാഡി വൈദ്യം പരീക്ഷിക്കാനായി എത്തിയ വൈദ്യനുമായി സംഗീത അടുപ്പത്തിലായി. ഇയാളെ വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതി പറയുന്നു.
 

Tags

Share this story