കാസർകോട് റിയാസ് മൗലവി വധക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റിവെച്ചു

കാസർകോട് പഴയ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാർച്ച് 30ലേക്ക് മാറ്റിയത്. നേരത്തെ രണ്ട് തവണ വിധി പറയുന്നത് മാറ്റിവെച്ചിരുന്നു

2017 മാർച്ച് 20ന് പുലർച്ചെയാണ് താമസ സ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ്, നിതിൻകുമാർ, ഗംഗൈ റോഡിലെ അഖിലേഷ് എന്നിവരാണ് കേസിലെ പ്രതികൾ. 

സാമുദായിക സംഘർഷം സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സംഭവം നടന്ന് മൂന്നാം ദിവസം പ്രതികൾ അറസ്റ്റിലായി. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴ് വർഷമായി ജയിലിലാണ്.
 

Share this story