കാസർകോട് റിയാസ് മൗലവി വധക്കേസ്: വിധി ഇന്ന്, പ്രതികൾ ആർഎസ്എസ് പ്രവർത്തകർ

കാസർകോഡ് റിയാസ് മൗലവി(27) വധക്കേസിൽ വിധി ഇന്ന്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ മദ്രസാ അധ്യാപകനായ മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിലെ താമസ സ്ഥലത്ത് വച്ച്
കൊലപ്പെടുത്തിയത്.


ആർ എസ് എസ് പ്രവർത്തകരാണ് പ്രതികൾ. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ. എ ശ്രീനിവാസന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

സാമുദായിക സംഘർഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികൾ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ പ്രതികൾ ഏഴുവർഷക്കാലമായി ജയിലിൽ തന്നെയാണ്. 

Share this story