കാസർകോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം തുടരുന്നു

Police

കാസർകോട് പടന്നക്കാട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച പ്രതിക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വർണാഭരണം കവർന്നാണ് പ്രതി രക്ഷപ്പെട്ടത്

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. വിവിധ സംഘങ്ങളായി തെരഞ്ഞ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ ഇന്നലെ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ടു പോകുകയായിരുന്നു. അടുക്കള വാതിലിലൂടെ പുറത്തിറങ്ങിയ പ്രതി കുട്ടിയെ 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തി പീഡിപ്പിക്കുകയും സ്വർണ്ണ കമ്മൽ കവർന്ന ശേഷം ഇവിടെ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു

വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ മാതാപിതാക്കൾ പോലും സംഭവമറിഞ്ഞില്ല. പശുവിനെ കറക്കാൻ മുത്തച്ഛൻ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താണ് പ്രതി അകത്തുകയറിയത്. മുത്തച്ഛൻ തൊഴുത്തിൽ നിന്ന് തിരികെ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് മനസിലാകുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്‌
 

Share this story