കാട്ടാക്കട കോളജിലെ ആൾമാറാട്ട വിവാദം: കേരള യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

kerala

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സർവകലാശാല യൂണിയൻ സെനറ്റ്, സ്റ്റുഡന്റ് കൗൺസിൽ എന്നീ തിരഞ്ഞെടുപ്പുകളാണ് മാറ്റിവെച്ചത്. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച അനഘ എന്ന വിദ്യാർഥിനിക്ക് പകരം തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത സംഘടനാ നേതാവായ എ വിശാഖിന്റെ പേര് ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്.

വിവാദത്തിന് പിന്നാലെ വിശാഖിനെ എല്ലാ സംഘടനാ ചുമതലകളിൽനിന്നും മാറ്റിനിർത്തുന്നതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചിരുന്നു. കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം നടന്നതെന്നായിരുന്നു ആരോപണം.

ആൾമാറാട്ടം വിവാദമായതോടെ പട്ടിക തിരുത്തി വിശാഖിന്റ പേര് ഒഴിവാക്കി സർവകലാശാലയ്ക്ക് കോളേജ് പ്രിൻസിപ്പൽ കത്ത് നൽകിയിരുന്നു. സർവകലാശാല രജിസ്ട്രാർക്കാണ് കത്ത് നൽകിയത്. അനഘ രാജിവെക്കുകയാണ് ഉണ്ടായതെന്ന് പ്രിൻസിപ്പൽ ജി ജെ ഷൈജു പറഞ്ഞു. പ്രൻസിപ്പലിനോട് അടിയന്തിരമായി നേരിട്ട് ഹാജരാകാൻ കേരള സർവകലാശാല ആവശ്യപ്പെട്ടിരുന്നു. ആൾമാറാട്ടം തങ്ങളുടെ അറിവോടെയല്ല നടന്നതെന്നാണ് എസ്എഫ്‌ഐ ജില്ലാ നേതൃത്വം നൽകുന്ന വിശദീകരണം.
 

Share this story