കോഴിക്കോട് ജില്ലയിൽ സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് എം; ലക്ഷ്യം പേരാമ്പ്ര
കോഴിക്കോട് ജില്ലയിൽ നിയമസഭാ സീറ്റ് വേണമെന്ന ആവശ്യം എൽഡിഎഫിനോട് ഉന്നയിച്ച് കേരളാ കോൺഗ്രസ് എം. സിപിഎം മത്സരിച്ച് പതിവായി ജയിക്കുന്ന സീറ്റുകളിലൊന്നാണ് കേരളാ കോൺഗ്രസ് എം ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തത് സിപിഎം പ്രവർത്തകരുടെ പരസ്യ പ്രതിഷേധത്തിന് കാരണമായിരുന്നു
ഇത്തവണ പേരാമ്പ്ര സീറ്റ് വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ആന്റണി രാജുവിന്റെ തിരുവനന്തപുരം മണ്ഡലത്തിലും കേരളാ കോൺഗ്രസിന് താത്പര്യമുണ്ട്. ആലപ്പുഴ കുട്ടനാട് സീറ്റും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. കുറ്റ്യാടി സീറ്റ് കഴിഞ്ഞ തവണ വിട്ടുനൽകിയപ്പോൾ അടുത്ത തവണ സീറ്റ് നൽകുമെന്ന് അന്നത്തെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയതാണെന്ന് കേരളാ കോൺഗ്രസ് പറയുന്നു.
ഇക്കുറി കേരളാ കോൺഗ്രസ് സ്ഥാനാർഥിയെ സിപിഎം പ്രവർത്തകർ ഇരു കൈ നീട്ടി സ്വീകരിക്കുമെന്ന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ടിഎം ജോസഫ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് എംഎൽഎമാരെല്ലാം വീണ്ടും മത്സരിക്കാനും തീരുമാനമായിട്ടുണ്ട്.
