ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് കെ മാണി വിഭാഗം; യുഡിഎഫിനോട് ഇനി മൃദുസമീപനമില്ല

ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് കെ മാണി വിഭാഗം; യുഡിഎഫിനോട് ഇനി മൃദുസമീപനമില്ല

തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്ന് ജോസ് കെ മാണി വിഭാഗം. തെരഞ്ഞെടുപ്പിൽ വിജയസാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമാകും ഉണ്ടാകുക. അതേസമയം കോൺഗ്രസിനോടും യുഡിഎഫിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ഇവർ

ഇന്ന് രാവിലെ ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. രാവിലെ പത്ത് മണിക്ക് കോട്ടയത്താണ് യോഗം. യുഡിഎഫുമായി ഇനി ചർച്ച വേണ്ടെന്ന തീരുമാനത്തിലാണ് പ്രധാന നേതാക്കൾ. അപമാനിച്ച് ഇറക്കി വിട്ടിടത്തേക്ക് തിരിച്ചു പോക്കുണ്ടാകില്ലെന്നും ഇവർ പറയുന്നു

അതേസമയം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് അവിശ്വാസം കൊണ്ടുവരാനുള്ള സാധ്യതയേറെയാണ്. എൽ ഡി എഫ് പിന്തുണയുണ്ടെങ്കിൽ ഇതിനെ മറികടക്കാൻ സാധിക്കും. ഇതിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ വന്നാൽ ഇടതുമുന്നണിയുമായുള്ള സഖ്യ ചർച്ചകളും ഇതോടൊപ്പം ആരംഭിക്കും. കൂടാതെ എൻ ഡി എയിലേക്ക് സ്വാഗതം ചെയ്ത ബിജെപിയുടെ നിലപാടും യോഗത്തിൽ ചർച്ചയാകും.

Share this story