കേരളം തിരഞ്ഞെടുപ്പ് ആവേശത്തിൽ; മോദിയും രാഹുലും ഇന്ന് ഇങ്ങെത്തും, മുഖ്യമന്ത്രി ധർമടത്ത്

pinu mod rahul

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ കേരളം വൻ രാഷ്ട്രീയ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ദേശീയ-സംസ്ഥാന നേതാക്കൾ ഒരേസമയം കളത്തിലിറങ്ങുന്നതോടെ പ്രചാരണ രംഗം ആവേശത്തിന്റെ കൊടുമുടിയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ അഭിസംബോധന ചെയ്യും.

ഉച്ചയ്ക്ക് 2.30-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് നാല് മണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന എൻഡിഎയുടെ കൂറ്റൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന അദ്ദേഹം നഗരത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് റോഡ് ഷോയിലും പങ്കുചേരും. ബിജെപിയുടെ വിജയസാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം.

യുഡിഎഫിന്റെ പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തുന്നുണ്ട്. ആലപ്പുഴയിൽ ആദ്യ പരിപാടിയിൽ പങ്കെടുത്ത ശേഷം ഇടുക്കി കട്ടപ്പനയിലും തുടർന്ന് കൊച്ചിയിലുമായിരിക്കും അദ്ദേഹത്തിന്റെ പ്രചാരണം. മുൻപ് ശബരിമല വിഷയമുയർത്തി എൽഡിഎഫിനെയും ഇന്ധനവില വർധനവടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച രാഹുൽ, ഇന്നും സമാനമായ കടന്നാക്രമണങ്ങൾ തുടരാനാണ് സാധ്യത.

അതേസമയം, എൽഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലെ ധർമടത്ത് സജീവമാകും. മുന്നണി ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനിടെ സ്വന്തം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് മുഖ്യമന്ത്രി നേരിട്ടാണ് ചുക്കാൻ പിടിക്കുന്നത്. മുതിർന്ന നേതാക്കൾ ആരോപണ പ്രത്യാരോപണങ്ങളുമായി കളം നിറഞ്ഞതോടെ വരും ദിവസങ്ങളിൽ പ്രചാരണം ഇനിയും ചൂടുപിടിക്കുമെന്ന് ഉറപ്പായി.

Tags

Share this story