അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളം എന്ന് നരേന്ദ്രമോദി

modi

തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിൽ നിന്നു വരുന്ന താൻ വടക്കുന്നാഥൻ ക്ഷേത്ര മൈതാനിയിലെത്തിയ എല്ലാവരെയും അഭിവാദ്യം ചെയ്യുകയാണെന്ന് മോദി പറഞ്ഞു. അഭിമാനകരമായ ഒരുപാട് പുത്രിമാർക്ക് ജന്മം നൽകിയ മണ്ണാണ് കേരളം. എവി കുട്ടിമാളുവമ്മ, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നിവർ സ്വാതന്ത്ര്യ സമരത്തിൽ നൽകിയ ഊർജം ചെറുതല്ല. 

കാർത്യായനിയമ്മ, ഭാഗീരിഥിയമ്മ എന്നിവർ വിദ്യാഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് കാണിച്ചു തന്നു. ആദിവാസി കലാകാരി നഞ്ചിയമ്മ ദേശീയ പുരസ്‌കാര ജേതാവായി. പിടി ഉഷ, അഞ്ജു ബോബി ജോർജ് എന്നിവർ കേരളത്തിന്റെ സംഭാവനയാണ്. സ്ത്രീകളുടെ ശക്തിയാണ് നാടിനെ വികസിതമാക്കുന്നത്. സ്വാതന്ത്ര്യാനന്തരം അധികാരത്തിൽ വന്ന കോൺഗ്രസ്, ഇടത് സർക്കാരുകൾ സ്ത്രീശക്തിയെ പരിഗണിച്ചില്ല. സ്ത്രീസംവരണ ബിൽ ബിജെപി നിയമമാക്കി. മുത്തലാക്കിൽ ബുദ്ധിമുട്ടിയ സ്ത്രീകളെ മോദി സർക്കാർ മോചിപ്പിച്ചു എന്നും മോദി പറഞ്ഞു

മോദിയുടെ ഗ്യാരണ്ടികൾ എന്ന് മലയാളത്തിൽ പറഞ്ഞു കൊണ്ടാണ് ഓരോ പദ്ധതികളെ കുറിച്ച് മോദി പരാമർശിച്ചത്. ഉജ്ജ്വല ഗ്യാസ് പദ്ധതി, ശൗചാലയം പദ്ധതി, സൈനിക സ്‌കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, 5 ലക്ഷം രൂപയുടെ ചികിത്സാ സൗകര്യമൊക്കെ പ്രസംഗത്തിൽ മോദി എടുത്ത് പറഞ്ഞു. നേരത്തെ ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് മോദി വേദിയിലെത്തിയത്.
 

Share this story