നാമനിർദേശ പത്രിക പിൻവലിക്കൽ 3 മണി വരെ; തദ്ദേശ പോരിന്റെ മത്സര ചിത്രം ഇന്ന് തെളിയും
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം ഇന്ന് വ്യക്തമാകും. ഇന്ന് വൈകുന്നേരം 3 മണി വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം. ഇതുകഴിഞ്ഞാൽ ഏതൊക്കെ സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടാകുക എന്നതറിയാം. സൂക്ഷ്മപരിശോധനയടക്കം പൂർത്തിയായിട്ടുണ്ട്. അതേസമയം വിമതശല്യമാണ് മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്നത്
യുഡിഎഫിൽ കോൺഗ്രസ്-ലീഗ് തർക്കവും എൽഡിഎഫിൽ സിപിഎം-സിപിഐ തർക്കവും മുന്നണികളിലെ പ്രശ്‌നമാണ്. വിമത സ്ഥാനാർഥികളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 1,07,211 സ്ഥാനാർഥികളുടെ പത്രികകളാണ് ഇതുവരെ സ്വീകരിച്ചത്.
സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ച ശേഷം റിട്ടേണിംഗ് ഓഫീസർ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാർഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവ പട്ടികയിലുണ്ടാകും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം ബുധനാഴ്ച ആരംഭിക്കും.
