കൊടും ചൂടിൽ വലഞ്ഞ് കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, താപനില ഉയർന്നേക്കാം
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. 12 ജില്ലകളിൽ മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് നൽകി. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പിൽ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്
തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. സാധാരണയേക്കാൾ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരും
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. പരമാവധി ശുദ്ധജലം കുടിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു
