കേരളം ആകെ സ്പോൺസർഷിപ്പ് ഭരണം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

MV Govindan

തിരുവനന്തപുരം: കേരളത്തിൽ സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സർക്കാർ സംവിധാനങ്ങളെ സ്പോൺസർമാരെ ഏൽപ്പിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയെന്നും അദ്ദേഹം ആരോപിച്ചു. സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാതെ ‘ഭയങ്കര സുതാര്യത’യെക്കുറിച്ച് സംസാരിക്കുന്നവരാണ് ഇപ്പോഴുള്ളതെന്നും ഗോവിന്ദൻ പരിഹസിച്ചു.

മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ലെന്നും മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ പൊലീസ് നിർദേശം നൽകിയെന്നുമാണ് ഗോവിന്ദന്റെ ആരോപണം. മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം വിമർശിച്ചു.

സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും മന്ത്രിമാർ സ്പോൺസർമാരുടെ സഹായത്തോടെ വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനവും അഴിമതിയുമാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സർക്കാർ സംവിധാനത്തിന് പകരം സ്വകാര്യ ഏജൻസികളെ ഉപയോഗിച്ച് ഭരണം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ സ്പോൺസർഡ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മാധ്യമങ്ങളെ അകറ്റിനിർത്താൻ കാരണമെന്നും ഗോവിന്ദൻ ആരോപിച്ചു. മന്ത്രിമാരുടെ വിദേശയാത്രകൾ, സർക്കാർ വാഹനങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു.

അതേസമയം, ബിജെപിയിലെ ചില നേതാക്കളുടെ പേരുകൾ ഉൾപ്പെടുന്ന വിവിധ പട്ടികകളുമായി ബന്ധപ്പെട്ട വിവാദവും എം.വി ഗോവിന്ദൻ ഉന്നയിച്ചു. ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ച് വ്യത്യസ്ത പട്ടികകൾ പുറത്തുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. പണം വാങ്ങിയതായി സമ്മതിച്ച രണ്ട് പേർ ഇപ്പോൾ കേരള മന്ത്രിസഭയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് ഗോവിന്ദൻ പരാമർശിച്ചത്.

വീണ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ 1.78 കോടി രൂപ ലഭിച്ചതായും അതിന് കൃത്യമായി നികുതി അടച്ചതായുമുള്ള സിപിഎം നിലപാട് ആവർത്തിച്ച ഗോവിന്ദൻ, മറ്റ് രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു. എക്സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് വീണയ്ക്കെതിരായ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ആരോപണവും അദ്ദേഹം നേരത്തെ ഉന്നയിച്ചിരുന്നു.

ബിജെപിക്കുള്ളിൽ തന്നെ പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങൾ ശക്തമാകുന്നുണ്ടെന്നും ഷോൺ ജോർജിന്റെ നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇവിഎം, തിരഞ്ഞെടുപ്പ് കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിൽ സിപിഐ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചും ഗോവിന്ദൻ പ്രതികരിച്ചു. സിപിഐയുടെ നിലപാട് അവരോട് തന്നെ ചോദിക്കണമെന്നും വിഷയങ്ങൾ നിയമപരമായി പരിശോധിക്കേണ്ടതുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story