കേരളം കാത്തിരുന്ന വിധി ഇന്ന്; നടിയെ ആക്രമിച്ച കേസിൽ കോടതി ഇന്ന് തീർപ്പ് കൽപ്പിക്കും
നടിയെ ആക്രമിച്ച കേസിൽ കേരളം കാത്തിരിക്കുന്ന വിധി ഇന്ന്. എട്ടാം പ്രതി ദിലീപ് അടക്കം പത്ത് പ്രതികൾ കുറ്റക്കാരാണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ഉത്തരവ് പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി അടക്കം ആറ് പ്രതികൾക്കെതിരെ കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്
കൃത്യത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിട്ടുണ്ട്. ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകിയെന്നതടക്കമുള്ള കുറ്റങ്ങളാണ് ദിലിപിനെതിരെയുള്ളത്. ആറ് വർഷം നീണ്ട രഹസ്യ വിചാരണ പൂർത്തിയാക്കിയാണ് രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി വിധി പറയുക
2012 മുതൽ ദിലീപിന് തോന്നോട് വിരോധമുണ്ടെന്നും കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം ദിലീപിന്റെ അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം പൾസർ സുനി കോടതിയിൽ തള്ളിയിരുന്നു.
