ഗർഭിണികളായ വനിതാ പോലീസുകാർക്ക് കാക്കി സൽവാർ കമീസും ചെരുപ്പും; യൂണിഫോം പരിഷ്കരിച്ച് കേരള പോലീസ്
Updated: Aug 15, 2026, 17:42 IST
തിരുവനന്തപുരം: ഗർഭകാലത്ത് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം ചട്ടങ്ങളിൽ ഇളവ് വരുത്തി കേരള പോലീസ്. ഇനി മുതൽ ഗർഭിണികളായ വനിതാ പോലീസുകാർക്ക് പാന്റസിനും ഷർട്ടിനും പകരം സൗകര്യപ്രദമായ കാക്കി സൽവാർ കമീസും ഷാളും സാന്റൽസുകളും (ചെരുപ്പ്) ധരിച്ച് ജോലി ചെയ്യാം. പോലീസ് ആസ്ഥാന ഐ.ജി ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ഗർഭകാലത്ത് നിലവിലെ പൊതു യൂണിഫോം ധരിച്ച് ജോലി ചെയ്യുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നിരവധി ഉദ്യോഗസ്ഥർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഐ.പി.എസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള വനിതാ പോലീസ് അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകും.
