കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസകിന്റെ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Thomas

മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ പുതിയ സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നാളെ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് ഐസക്ക് ഉപഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 

ഇ.ഡി. നടപടി ചോദ്യം ചെയ്ത് തോമസ് ഐസക് നേരത്തെ സമർപ്പിച്ച ഹർജി കോടതി മെയ് 22 ന് പരിഗണിക്കാനായി മാറ്റിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ടി.ആർ രവി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപഹർജി നൽകിക്കൊണ്ടുള്ള ഐസക്കിന്റെ നീക്കം.

ഇ.ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ്  സ്ഥാനാർഥിയാണ് താനെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനാണ് ഇപ്പോഴുള്ള നീക്കമെന്നുമാണ് ഹർജിയിൽ പറയുന്നത്.

Share this story