കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസ്‌ക ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാൻ ഇഡി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ തോമസ് ഐസക് ഹാജരാകാനുള്ള സാധ്യത കുറവെന്നാണ് ലഭിക്കുന്ന വിവരം. തോമസ് ഐസകിന് നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. തുടർച്ചയായി സമൻസ് അയക്കുകയാണെന്നും അനാവശ്യ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്റെ പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്റെ വാദം. 

ബന്ധുക്കളുടെ അടക്കം 10 വർഷത്തെ മുഴുവൻ സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഹാജരാക്കണമെന്നും സമൻസിൽ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് തോമസ് ഐസക്കിന് സമൻസ് അയക്കുന്നത് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നൽകിയതോടെ പഴയ സമൻസ് പിൻവലിച്ച് ഇഡി പുതിയത് നൽകുകയായിരുന്നു.

Share this story