ഗാന്ധിജിയുടെ രാമനെ കൊലയാളികൾക്ക് കുടിയിരുത്താനാകില്ല: വി ഡി സതീശൻ

satheeshan

ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്ക് ഒപ്പം രാമനുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്തുവെക്കുന്നത് ഭരണഘടനയുടെ അന്തഃസത്തെയ ചോദ്യം ചെയ്യുന്നതാണ്. ഗാന്ധിജിയുടെ രാമനെ കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാകില്ലെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം


ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യ സമര പോരാളിയുടെ നെഞ്ചിൽ വെടിയുതിർത്തവർ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവർക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്.
വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും  ജനാധിപത്യത്തിന്റെയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന്  ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്.  
കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്റെ മുഖം മൂടി ധരിച്ച് വരുമ്പോൾ അത്തരക്കാരോട്  കോൺഗ്രസിന് ഒരിക്കലും സന്ധിയില്ല

Share this story