കൊച്ചി വാട്ടര്‍ മെട്രൊ സര്‍വീസ് വ്യാപിപ്പിക്കുന്നു

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രൊ സര്‍വീസ് വിപുലീകരിക്കുന്നു. കൊച്ചിയിലും പരിസരത്തുമായി 21 പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎല്‍) പുതിയ ടെര്‍മിനലുകളുടെ നിർമാണത്തിനുള്ള നിർദേശങ്ങള്‍ ഫ്രഞ്ച് ഫണ്ടിങ് ഏജന്‍സിയായ എഎഫ്ഡിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു. അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ടെർമിനലുകളുടെ നിര്‍മാണത്തിന് കെഡബ്ല്യുഎംഎല്‍ ടെന്‍ഡറുകള്‍ നല്‍കും.

നഗരത്തിലെ ദ്വീപുകള്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന 38 ടെര്‍മിനലുകളാണ് ലക്ഷ്യം. നിലവില്‍, 14 ഇലക്‌ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഉപയോഗിച്ച് 10 ടെര്‍മിനലുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തിവരുന്നത്. കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി എന്നിവിടങ്ങളിലായി അഞ്ച് ടെര്‍മിനലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ബാക്കിയുള്ള 21 ടെര്‍മിനലുകളുടെ നിർമാണത്തിന് ഉടൻ ടെന്‍ഡര്‍ നല്‍കും.

ആദ്യ പദ്ധതി പ്രകാരം 36 ടെർമിനലുകളാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ആസ്റ്റര്‍ മെഡ്‌സിറ്റിയും അമൃത ഹോസ്പിറ്റലും അവരുടെ ആശുപത്രികള്‍ക്ക് സമീപം ടെര്‍മിനലുകള്‍ നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 38 ആയി പുതുക്കുകയായിരുന്നു.

അഞ്ച് ടെര്‍മിനലുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍) കൂടുതൽ ബോട്ടുകള്‍ അടുത്ത മാസം കെഡബ്ല്യുഎംഎല്ലിനു കൈമാറുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍.

15 വാട്ടര്‍ മെട്രൊ ബോട്ടുകള്‍ കൂടി വാങ്ങാന്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. സിഎസ്എല്ലില്‍ നിന്നുള്ള 23 ബോട്ടുകളില്‍ 14 എണ്ണം കൈമാറിക്കഴിഞ്ഞു.

Share this story