കൊല്ലം മരുതിമലയിൽ നിന്ന് വീണ പെൺകുട്ടി മരിച്ച സംഭവം; പോലീസ് അന്വേഷണം തുടങ്ങി, ഒരു കുട്ടി ഗുരുതരാവസ്ഥയിൽ

maruthimala

വിനോദസഞ്ചാര കേന്ദ്രമായ കൊല്ലം മുട്ടറ മരുതിമലയിൽ നിന്ന് വീണ രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശി മീനുവാണ് മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. മീനുവിനൊപ്പം വീണ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. രണ്ട് പെൺകുട്ടികളും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. മരുതിമലയിലെ അപകടകരമായ മേഖലയിലേക്ക് കുട്ടികൾ പോകുന്നത് ആളുകൾ കണ്ടിരുന്നു. ഇതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു

പോലീസും പ്രദേശവാസികളും ഇവിടേക്ക് എത്തുന്നതിന് മുമ്പ് തന്നെ കുട്ടികൾ താഴേക്ക് ചാടുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. അടൂർ സ്വദേശി ശിവർണയാണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ളത്. 

അടൂർ തൃച്ചേന്ദമംഗലം സ്‌കൂൾ വിദ്യാർഥിനികളാണ് ഇരുവരും. രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടികൾ. വീട്ടിൽ മടങ്ങി എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
 

Tags

Share this story