'കൊണ്ടോട്ടി വരവ്' ആഘോഷങ്ങൾക്ക് ഗംഭീര തുടക്കം

കൊണ്ടോട്ടി: ഗൃഹാതുരതയുണർത്തുന്ന സുപ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയുടെ പുത്തൻ പതിപ്പിന് തുടക്കമിട്ട് ആരംഭിച്ച 'കൊണ്ടോട്ടി വരവി'(കൊണ്ടോട്ടി ഫെസ്റ്റ് 2024)ന് മലപ്പുറം ജില്ലയിലെ ഇശലിന്റെ ഭൂമികയായ കൊണ്ടോട്ടിയിൽ ആവേശ്വോജ്ജ്വല തുടക്കം. പട്ടാമ്പി നേർച്ചയും മമ്പുറം നേർച്ചയും നിലമ്പൂർ പാട്ടുത്സവവും അങ്ങാടിപ്പുറം പൂരവുംപോലെ മലപ്പുറം ജില്ലയിൽ ജാതിമതഭേദങ്ങൾ ഏതുമില്ലാതെ കാലങ്ങളായി നടന്നുവന്നിരുന്ന ആണ്ടുനേർച്ചയാണ് കൊണ്ടോട്ടിയിലേത്.

Kondotty Varav

സുപ്രസിദ്ധ സൂഫിയായ ഷേഖ് മുഹമ്മദ് ഷായുടെ മരണവുമായി ബന്ധപ്പെട്ടാണ് ആണ്ടുനേർച്ചക്ക് ആരംഭം കുറിക്കപ്പെട്ടത്. ഹിജ്റ വർഷം 1180 റബീഉൽ അവ്വൽ 14ന് (1766 ഓഗസ്റ്റ് 20) ആയിരുന്നു ഷാ തങ്ങൾ ഇഹലോകവാസം വെടിഞ്ഞത്. എന്നാൽ ചില പ്രതിസന്ധികളാൽ കഴിഞ്ഞ കുറച്ചു കാലമായി കൊണ്ടോട്ടി നിവാസികളുടെ സ്വന്തം ആഘോഷമായ നേർച്ച നിലച്ചിരിക്കുകയായിരുന്നു.

Kondotty Varav

ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് കൊണ്ടോട്ടി നഗരസഭ, ജെ.സി.ഐ, റോട്ടറി കൊണ്ടോട്ടി, വ്യാപാരി വ്യവസായി എകോപന സമിതി എന്നിവയുൾപ്പെടെ കൊണ്ടോട്ടിയിലെ ഒട്ടുമിക്ക സംഘടനകളുടെയും ഒത്തൊരുമയോടെ ഈ ആഘോഷം വീണ്ടും നടത്താൻ പ്രോഗ്രാം കമ്മിയുടെ ആഭിമുഖ്യത്തിൽ തീരുമാനം കൈക്കൊണ്ടതും ഇന്നലെ വൈകുന്നേരം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടതും.

Kondotty Varav

മെയ് 19ത് വരെ നീണ്ടു നിൽക്കുന്ന വർണാഭമായ ആഘോഷ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കൊണ്ടോട്ടി നിവാസികൾക്കെന്നല്ല, നേർച്ചയും പൂരവും ഉൾപ്പെടെയുള്ള സാംസ്‌കാരിക കൂട്ടായ്മകളെയെല്ലാം നെഞ്ചേറ്റുന്ന ഏതൊരു മനുഷ്യനും ഓർമ്മയിൽ സൂക്ഷിച്ചുവെക്കാവുന്ന ഒന്നാക്കി ആഘോഷത്തെ മാറ്റിയെടുക്കാനാണ് സംഘാടകർ കഠിനപരിശ്രമം നടത്തുന്നത്.

Kondotty Varav

കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്സൺ സി ടി ഫാത്തിമത്ത് സുഹ്റയുടെ അധ്യക്ഷതയിൽ രാത്രി എട്ടിന് നടന്ന കൊണ്ടോട്ടി വരവിന്റെ ഉദ്ഘാടനം എം.എൽ.എ ടി വി ഇബ്രാഹീം നിർവഹിച്ചു. കൊണ്ടോട്ടി നേർച്ചയെന്നാൽ പാരമ്പര്യവും പൈതൃകവും കൊണ്ടോട്ടിയുടെ സാംസ്‌കാരിക ഔന്ന്യത്യവുമെല്ലാം വിളിച്ചോതുന്ന ഒന്നാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടിയുടെ ജനതക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ഈ ആഘോഷമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരിപാടിയുടെ ഭാഗമായി നടന്ന നഗരം ചുറ്റിയുള്ള ഘോഷയാത്രക്ക് ലഭിച്ച ഗംഭീര സ്വീകരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കൊണ്ടോട്ടിയുടെ വ്യാവസായിക വാണിജ്യ കാർഷിക മേഖലയിലെ ഉയർത്തെഴുന്നേൽപ്പിന് ആഘോഷം ഊർജ്ജം പകരുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Kondotty Varav

നാടിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കാൻ കൊണ്ടോട്ടി വരവ് ആഘോഷ പരിപാടിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നതന്ന് അധ്യക്ഷ ഫാത്തിമത്ത് സുഹറ പറഞ്ഞു. അബ്ദുറഹിമാൻ ഇണ്ണി, അഷ്റഫ് മടാൻ, പുളിക്കൽ അഹമ്മദ് കബീർ, അഡ്വ. കെ കെ സമദ്, ഇബ്രാഹീം കമ്പത്ത്, റംല കൊടവണ്ടി, സാഹിദ, സാലിഹ്, ശിഹാബ്, മുസ്തഫ ഷാദി, പി സി മണി, എ ജി പ്രഭാകരൻ, പി ഇ സാദിഖ്, ഇ എം റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Kondotty Varav

ഇന്ത്യയിലെ പ്രമുഖരായ 24 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന എജ്യു ഫെസ്റ്റ്, ബിസിനസ്സ് എക്സ്പോ, ഓട്ടോ ഷോ, ഫുഡ് ഫെസ്റ്റ്, സിനിമാറ്റിക് ഡാൻസ്, കോമഡി ഷോ, ഒപ്പന, കോൽക്കളി, നാടോടി നൃത്തം, മുട്ടിപ്പാട്ട്, ഡിജെ നൈറ്റ്, ഡാൻസ് ഫ്യൂഷൻ, കുടുംബശ്രീ നാട്ടരങ്ങ്, മ്യൂസിക് ബാന്റ്, ഗാനമേള, ഇഷ്‌കെ രാത്ത് ഖവാലി, പാട്ട് രാവ്, മീഡിയ സെമിനാർ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിനങ്ങളിലായി നടക്കും. മെയ് നാലിന് വെകുന്നേരം നാലിന് നടന്ന വിളംബര ഘോഷയാത്രയ്ക്കും ആറിന് നടന്ന സാംസ്‌കാരിക സമ്മേളനത്തിനും രാത്രി എട്ടിന് നടന്ന ഡിജെ നൈറ്റിനുമെല്ലാം സംഘാടകർ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. ഉദ്ഘാടന ദിനത്തിൽതന്നെ പരിപാടി ഗംഭീര വിജയമായി മാറുന്ന കാഴ്ചയാണ് കൊണ്ടോട്ടിയിൽനിന്ന് കാണാനാവുന്നത്.

Kondotty Varav

മാധ്യമ സെമിനാറുമായി കൊണ്ടോട്ടി വാർത്തയും എത്തും

പ്രമുഖ മാധ്യമ സ്ഥാപനമായ മെട്രോ ജേണൽ ഓൺലൈനിന് കീഴിൽ പ്രവർത്തിക്കുന്ന കൊണ്ടോട്ടി വാർത്തയുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള മാധ്യമ സെമിനാർ സംഘടിപ്പിക്കുമെന്ന് മെട്രോ ജേണൽ ഓൺലൈൻ അധികൃതർ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 200 ഓളം പേർക്ക് പ്രവേശനം സൗജന്യമായിരിക്കും. തിയ്യതിയും സമയവും പിന്നീട് കൊണ്ടോട്ടിവാർത്തയിലൂടെ അറിയിക്കും. രജിസ്‌ട്രേഷന് ഈ നമ്പറിൽ ബന്ധപ്പെടാം: +91 9567677388

KONDOTTY VARTHA

Kondotty Varav Kondotty Varav

കൊണ്ടോട്ടി ഫെസ്റ്റിൽ ഇന്ന്
മെയ് 05 (ഞായർ)
നിഷാദ് മേച്ചേരിയുടെ നേതൃത്വത്തിലുള്ള റോയൽ മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടി വൈകുന്നേരം 06.00
മാപ്പിളപ്പാട്ട് ഗായിക രഹനയും സംഘവും അവതരിപ്പിക്കുന്ന ഇശൽമൊഞ്ച് സംഗീത പരിപാടി രാത്രി 08.00

 

മെയ് 06 (തിങ്കൾ)
ശ്രീദുർഗ കലാസംഘം, പറവൂർ അവതരിപ്പിക്കുന്ന കോലോട്ടം വൈകുന്നേരം 06.00
ക്രേസി ബൂം സിസ്റ്റേഴ്സ് കാരാട് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ് വൈകുന്നേരം 06.00
ഖയാൽ മ്യൂസിക് ബ്ാന്റ് അവതരിപ്പിക്കുന്ന കൊട്ടുപാട്ട് രാത്രി 08.00
പാട്ട്, ഒപ്പന, കോൽക്കളി രാത്രി 08.00

[caption id="attachment_9294" align="alignnone" width="1200"]Kondotty Varav മെയ് 12 നും 13 നും രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെ (ഞായർ, തിങ്കൾ) നടക്കുന്ന എജ്യുഫെസ്റ്റിൽ ഉച്ചയ്ക്കുശേഷം 3 മണി വരെ പ്രവേശനം സൗജന്യമാണ് [/caption]

 

കൊണ്ടോട്ടി നേർച്ച മതസൗഹാർദ്ദത്തിന്റെ പ്രതീകം

ഹിന്ദു-മുസ്ലീം സൗഹൃദത്തിന്റെ ഉത്തമ പ്രതീകമായി വാഴ്ത്തപ്പെടുന്ന ഈ നാട്ടുത്സവത്തിൽ ജാതിമത ചിന്തകളുടെ വേലിക്കെട്ടുകളോ, വേർതിരിവുകളോ ഇല്ലാതെ അബാലവൃദ്ധം ജനങ്ങൾ ഒത്തുചേരുന്നൂവെന്നതാണ് ഇതിനെ മറ്റെല്ലാ ആഘോഷങ്ങളിൽ നിന്നും വേറിട്ടതാക്കുന്നത്.

ചരിത്രകാരന്മാരുടെയും പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ഒരു മതാഘോഷം എന്നതിൽ ഉപരിയായി ഇതൊരു കൊയ്ത്തുത്സവമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവണം കൊണ്ടോട്ടി പൂരം എന്ന പേരിലും ഈ ആഘോഷം വിദൂരദേശങ്ങളിൽപോലും അറിയപ്പെടുന്നത്.

വിവിധ പ്രദേശങ്ങളിൽ നിന്നും കൊണ്ടോട്ടിയിലേക്ക് എത്തിച്ചേരുന്ന 'പെട്ടിവരവു'കളാണ് കൊണ്ടോട്ടി നേർച്ചയുടെ പ്രധാനപ്പെട്ട സവിശേഷത. തങ്ങൾ കുടുംബത്തിനുള്ള കാണിക്കയായ ഭക്ഷ്യ ധാന്യങ്ങളാണ് പെട്ടിവരവുകളിൽ ഉൾപ്പെടുക. പെരിന്തൽമണ്ണയിൽ നിന്നുള്ള വെള്ളാട്ടറ പെട്ടിവരവിന്റെ തുടർച്ചയായി ധാരാളം വരവുകളുണ്ടാകും. പാതയുടെ ഇരുവശത്തും നിന്ന് ആയിരക്കണക്കിന് ആളുകളാണ് പെട്ടിവരവുകളെ സ്വാഗതംചെയ്യുക. 'തട്ടാന്റെ പെട്ടി'യാണ് അവസാനമായി എത്തിച്ചേരുന്നത്. ഇതോടെ ഖുബ്ബയിൽ സമാധാന ചിഹ്നമായ വെള്ളക്കൊടി സമർപ്പണം നടക്കും. തുടർന്ന് ദർഗയിലും തകിയ്യയിലും കോൽക്കളി, ശൈഖ് മുഹമ്മദ് ഷാ, പേർഷ്യൻ സൂഫിയായ അബ്ദുൽഖാദിർ ജീലാനി എന്നിവരെ അനുസ്മരിച്ചുള്ള പ്രകീർത്തനങ്ങൾ എന്നിവ അരങ്ങേറും. നല്ല ഈണത്തിലും മുറുക്കത്തിലുമുള്ള ഈ പാട്ടുകൾ കേൾക്കുന്നവരിൽ പറഞ്ഞറിയിക്കാനാവാത്ത ഇമ്പമാണ് സൃഷ്ടിക്കുന്നത്.

ദലിത് വിഭാഗങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന ചവിട്ടുകളി കലാരൂപങ്ങളും കൊണ്ടോട്ടി നേർച്ചയുടെ പ്രത്യേകത തന്നെ. ഏതൊരു പൂരമ്പറമ്പിലും നേർച്ചാ പരിസരങ്ങളിലും അരങ്ങേറുന്ന സകലഗുലാബികളും ഇവിടെയും കാണാനാവും. മറ്റുള്ള നേർച്ചയിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഷഹനായി വാദനമുണ്ടെന്നതും എടുത്തു പറയേണ്ടതുണ്ട്. നകാര വാദ്യവും അതെത്തുടർന്ന് കൊണ്ടോട്ടി തോക്കെടുക്കൽ എന്ന ആഘോഷച്ചടങ്ങും ഈ നേർച്ചയുടെ പോയകാല പ്രതാപത്തിന്റെ കാഴ്ചകൾ തന്നെ.

നേർച്ചയുടെ ചരിത്രം

1717 - 18(ഹിജറ വർഷം 1130ൽ) കാലഘട്ടത്തിൽ മുംബൈ(അന്ന് ബോംബെ)യിൽനിന്ന് കൊണ്ടോട്ടിയിലെത്തുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്ത മുഹമ്മദ് ഷാ തങ്ങൾ എന്ന മഹാത്മാവിന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് കൊണ്ടോട്ടി നേർച്ചയുടെ സുദീർഘമായ ചരിത്രം. ഷാ തങ്ങളും അദ്ദേഹത്തിന്റെ പിന്മുറക്കാരും നാട്ടുകാർക്കിടയിൽ കൊണ്ടോട്ടി തങ്ങൾമാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും നാടിന്റെ ആത്മീയ നേതൃത്വത്തിലേക്കു ഉയരുകയും ചെയ്യുന്നതോടെയാണ് ഈ കുടുംബത്തിന്റെയും നേർച്ചയുടെയും ചരിത്രം ആധികാരികമായി ആരംഭിക്കുന്നത്. ഹിജറ1099(1687 88)ൽ ഇസ്മായിൽ-ഫാത്തിമ ദമ്പതികളുടെ മകനായിട്ടായിരുന്നു മുഹമ്മദ് ഷാ തങ്ങളുടെ ജനനം.

കൊണ്ടോട്ടി തങ്ങന്മാർ തങ്ങളുടെ കുടുംബ പരമ്പരക്ക് ഇശലുകളുടെ നാട്ടിൽ ആരംഭം കുറിക്കുന്നതിന് മുൻപ് പ്രദേശത്തെ മുസ്ലീങ്ങളുടെ നേതൃത്വം കൈയാളിയിരുന്നത് പൊന്നാനി മഖ്ദൂമുകളും സയ്യിദ് ശൈഖ് ജിഫ്രി പരമ്പരയുടെയും നേതൃത്വത്തിൻ കീഴിലായിരുന്നു. ഷാ വന്നതോട് കൂടി അദ്ദേഹത്തിനും ജന പിന്തുണ വർദ്ധിച്ചു. ഇത് കണ്ട പാരമ്പര്യ ആത്മീയ പണ്ഡിതർ ഷായ്ക്കെതിരെ രംഗത്തുവരികയും ഷാ തങ്ങളെ വ്യാജ സൂഫിയായി മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇതിനൊന്നും നാട്ടുകാർക്കിടയിൽ വേരോട്ടമുണ്ടായില്ലെന്നതും ചരിത്രം. ഇദ്ദേഹത്തിന്റെ മഖ്ബറയോടനുബന്ധിച്ചാണ് വാർഷികാഘോഷമായി കൊണ്ടോട്ടി നേർച്ചക്ക് തുടക്കമിട്ടത്. തഖിയാക്കലിൽ നിന്ന് ചന്ദനമെടുക്കൽ കർമത്തോടെ കൊണ്ടോട്ടി നേർച്ചയുടെ കൊടിയിറങ്ങും. സമാപനസമയത്ത് പീരങ്കിവെടി മുഴങ്ങുകയും മുഗൾ പലഹാരമായ മരീദ വിതരണം ചെയ്യുകയും ചെയ്യും. കഴിഞ്ഞ നാല് വർഷത്തോളമായി ഇവിടെ ഉത്സവങ്ങൾ അന്യമായിരുന്നു. പള്ളി നടത്തിപ്പുകാരായ തങ്ങൾ കുടുംബത്തിലെ മൂത്ത കാരണവരുടെ മരണത്തിന് ശേഷമാണ് നടത്തിപ്പിനെ ചൊല്ലി ഉടലെടുത്ത തർക്കം നീണ്ടുപോയതും ആണ്ടുനേർച്ച ഓർമ്മയായതും. ഈ അവസ്ഥക്കാണ് കൊണ്ടോട്ടി വരവ് മഹോത്സവത്തോടെ തുടക്കമായിരിക്കുന്നത്. രീക്കോട് കുഞ്ഞാവ എന്ന എഴുത്തുകാരൻ ഷായുടെ ജീവചരിത്രം ഖിസ്സതു മുഹമ്മദ്ഷാ തങ്ങൾ എന്ന മാപ്പിളപ്പാട്ടായി രചിക്കുകയും ഇതിന് വലിയ പ്രചാരം അക്കാലത്ത് ലഭിക്കുകയും ചെയ്തിരുന്നു.

KONDOTTY VARTHA

Share this story