കോന്നി താലൂക്ക് ഓഫീസിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാർ പോയി; ഖേദം പ്രകടിപ്പിച്ച് മന്ത്രി

rajan

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽപ്പെട്ട ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവം ജില്ലാ കലക്ടർ അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു മന്ത്രി കെ രാജൻ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ആകെയുള്ള 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്

മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കായാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രക്ക് പോകുകയായിരുന്നു എന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തി സാധാരണ ജനം ഉദ്യോഗസ്ഥരില്ലാത്തതിനാൽ വലഞ്ഞു

ഇന്ന് ഓഫീസിൽ ഹാജരാകാതിരുന്ന 20 പേർ അവധി അപേക്ഷ പോലും നൽകിയിരുന്നില്ല. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെയു ജനീഷ്‌കുമാർ തഹസിൽദാറെ ഫോണിൽ വിളിച്ച് ക്ഷുഭിതനാകുകയും ചെയ്തു. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജനത്തിനുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.
 

Share this story