'കോന്നിയിലേത് സ്പോൺസർ ടൂർ അല്ല, പണം വാങ്ങിയിരുന്നു': ആരോപണം തള്ളി ട്രാവൽസ് മാനേജർ

Konni

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയ സംഭവം സ്പോൺസേഡ് ടൂറാണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ. യാത്രയുടെ പണം വാങ്ങിയാണ് ബസ് നൽകിയതെന്ന് മാനേജർ ശ്യം പറഞ്ഞു. ട്രാവൽസിലെ ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക്‌ ചെയ്തതെന്നും മാനേജർ വ്യക്തമാക്കി. തുടർച്ചയായി രണ്ട് അവധി ദിവസം ഉള്ളതിനാൽ വെള്ളിയാഴ്ച അധിക അവധിയെടുത്ത് റവന്യൂ വിഭാഗത്തിലെ ജീവനക്കാര്‍ കൂട്ടത്തോടെ മൂന്നാറിലേക്ക് വിനോദയാത്ര പോയതാണ് വിവാദമായത്.  

ജീവനക്കാര്‍ പോയത് അറിയാതെ വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലെത്തിയ ജനങ്ങള്‍ ദുരിതത്തിലായി. സംഭവമറിഞ്ഞ് കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഓഫീസിലെത്തി മിന്നൽ പരിശോധന നടത്തിയിരുന്നു. 60 ജീവനക്കാരുളള ഓഫീസില്‍ ആകെ 21 പേരാണ് രജിസ്റ്ററിൽ  ഒപ്പിട്ടിരുന്നത്. 39 പേര്‍ ഓഫീസിലെത്തിയിരുന്നില്ല. തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ജീവനക്കാർ വിനോദയാത്രയ്ക്ക് പോയത്. 

അതേസമയം അവധിയെടുത്താണ് ജീവനക്കാര്‍ പോയതെന്നാണ് തഹസില്‍ദാരുടെ വിശദീകരണം. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ജില്ലാ കലക്ടര്‍ ദിവ്യ എസ്. അയ്യർ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടി. കൂട്ട അവധി എടുത്തതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി കെ. രാജൻ പറഞ്ഞിരുന്നു. 

Share this story