കൂടത്തായി കേസ്: ജോളിയുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

jolly

കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ജോളി നൽകിയ ഹർജി സുപ്രീം കോടതി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്. കേസിൽ തെളിവില്ലെന്നും വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ജോളി സുപ്രീം കോടതിയെ സമീപിച്ചത്.

2011ലാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരൻ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 

Share this story