കോട്ടയത്ത് കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മകൾക്ക് പിന്നാലെ അമ്മയും മരിച്ചു; ഭർത്താവും മകനും ഗുരുതരാവസ്ഥയിൽ

Dead

കോട്ടയം: മക്കൾക്ക് വിഷം നൽകി കുടുംബം ഒന്നടങ്കം ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മകൾക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കോട്ടയം ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് ജോസ്‌ന (42) ആണ് മരിച്ചത്. മൂത്തമകൾ മരിയ തെരേസ തോമസ് (16) ശനിയാഴ്ച പുലർച്ചെ മരിച്ചിരുന്നു. മകളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ വൈകിട്ടോടെയായിരുന്നു അമ്മ ജോസ്നയുടെയും മരണം.

​ഗുരുതരാവസ്ഥയിലായ ജോസ്നയുടെ ഭർത്താവ് ജോബി കോട്ടയം മെഡിക്കൽ കോളജിലും ഇളയ മകൻ കുട്ടികളുടെ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കടുത്ത സാമ്പത്തിക ബാധ്യതകളെത്തുടർന്നാണ് കുടുംബം ഈ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

​കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് നാലുപേരെയും വീടിനുള്ളിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. ജോസ്നയുടെ സഹോദരൻ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വൈകിട്ടോടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട് ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പിൻവാതിൽ ചവിട്ടിത്തുറന്നാണ് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് കളനാശിനിയുടെ കുപ്പിയും പോലീസ് കണ്ടെടുത്തിരുന്നു. ജോസ്നയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കും.

Tags

Share this story