കോവളം സ്പാ കേസ്; പെണ്‍കുട്ടി മൈനര്‍ ആണെന്ന് സ്പാ ഉടമയ്ക്ക് അറിയാമായിരുന്നു: വിലയിട്ടതും, ഇടനിലക്കാര്‍ക്ക് കമ്മിഷന്‍ തീരുമാനിച്ചതും അനുരൂപ്
തിരുവന്തപുരം: കോവളം സ്പാ കേസില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന കാര്യം മുഖ്യപ്രതിയായ സ്പാ ഉടമയ്ക്ക് അറിയാമായിരുന്നു എന്ന് കണ്ടെത്തൽ. തിരിച്ചറിയല്‍ പരേഡില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അനുരൂപിനെ പീഡിപ്പിക്കപ്പെട്ട 16 കാരി തിരിച്ചറിഞ്ഞിട്ടുണ്ട്. സ്പായുടെ നിയന്ത്രണം അനുരൂപിനായിരുന്നെന്നും ഉന്നതരെ സാപായിലേക്ക് എത്തിച്ചിരുന്നത് ഇയാള്‍ ആയിരുന്നെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പെണ്‍കുട്ടിക്ക് വിലയിട്ടതും, ഇടനിലക്കാര്‍ക്ക് കമ്മിഷന്‍ തീരുമാനിച്ചതും അനുരൂപാണ്. ഇയാള്‍ക്ക് നിരവധി സ്പാ കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്‌പെക്ടറും സ്പാ ഉടമയുമായ അനുരൂപിനെതിരെ കൂടുതൽ കണ്ടെത്തലുകളുണ്ടെന്നാണ് വിവരം. അനുരൂപിന് വരവിൽ കവിഞ്ഞ സ്വത്തും ഉന്നതതല ബന്ധങ്ങളുമുണ്ടെന്നും പൊലീസ് പറയുന്നു.
ഉന്നതര്‍ കോവളം സ്പായിലെ സ്ഥിരം സന്ദര്‍ശകരാണ്. സ്പാ നടത്തിപ്പിന് ഉന്നതരുടെ ഒത്താശ ലഭിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. സന്ദര്‍ശക പട്ടികയിലെ ഉന്നതരില്‍ ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്. സാമ്പത്തിക കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാണ് പൊലീസ് നീക്കം നടത്തുന്നത്. കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം ആന്ധ്രയിലേക്ക് പോകും എന്നും അറിയിച്ചിട്ടുണ്ട്. സ്പായില്‍ കുട്ടി എത്താന്‍ ഉണ്ടായ സാഹചര്യം, ഇടനിലക്കാര്‍ എന്നിവയില്‍ അന്വേഷണം നടത്താനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
