കോഴിക്കോട് കാർ മോഷണക്കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസിനെ ആക്രമിച്ച് നാട്ടുകാർ; പ്രതി രക്ഷപ്പെട്ടു

കോഴിക്കോട് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പൊലീസിനെ ആക്രമിച്ച ശേഷം പൊലീസ് വാഹനത്തിന്റെ ചില്ലും തകർത്തു. സംഘർഷത്തിനിടെ കാർ മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു. 

എറണാകുളം ഞാറയ്ക്കലിൽ നിന്ന് മോഷണം പോയ കാർ അന്വേഷിച്ചാണ് പൊലീസ് പൂളങ്കരയിലെത്തിയത്. പ്രതിയായ ഷിഹാബിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ പ്രതി ബഹളം വെച്ചു. ഇതുകേട്ട് നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പൊലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇവർ പൊലീസുകാരേയും വാഹനത്തേയും ആക്രമിക്കുകയായിരുന്നു.

കാര്യങ്ങൾ നിയന്ത്രണാതീതമായതോടെ ഞാറയ്ക്കൽ പൊലീസ് പന്തീരങ്കാവ് പൊലീസിനെ വിവരമറിയിച്ചു. പന്തീരങ്കാവ് പൊലീസും സ്ഥലത്തെത്തി നാട്ടുകാർക്ക് നേരെ ലാത്തിവീശുകയും നാട്ടുകാരെ സംഭവസ്ഥലത്തുനിന്നും പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ ഇതിനിടെ പ്രതി രക്ഷപ്പെട്ടു. ഞാറയ്ക്കൽ പൊലീസിന്റെ പരാതിയിൽ നൂറോളം നാട്ടുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്. 

Share this story