കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: എൽഡിഎഫ് മേയർ സ്ഥാനാർത്ഥിയായി മുസാഫർ അഹമ്മദ്; അമിത പ്രദീപിനും സാധ്യത
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മുസാഫര്‍ അഹമ്മദ് മത്സരിച്ചേക്കും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. കേട്ടൂളി വാര്‍ഡില്‍ നിന്ന് ഇദ്ദേഹം മത്സരിക്കുമെന്നാണ് വിവരം. മുസാഫര്‍ അഹമ്മദ് മത്സരിച്ച കപ്പക്കല്‍ വാര്‍ഡില്‍ ഇത്തവണ വനിതാ സംവരണമാണ്. ഇതേ തുടര്‍ന്നാണ് നിലവില്‍ അദ്ദേഹം താമസം മാറ്റിയിട്ടുള്ള കോട്ടൂളി വാര്‍ഡില്‍ നിന്നും മത്സരിക്കാനൊരുങ്ങുന്നത്. സിപിഐഎം സംസ്ഥാനസമിതി അംഗം എ പ്രദീപ് കുമാറിന്റെ മകള്‍ അമിത പ്രദീപും മത്സരിച്ചേക്കുമെന്ന് വിവരമുണ്ട്. ഡെപ്യൂട്ടി മേയര്‍ ആക്കാനാണ് നീക്കം.
കോട്ടൂളിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മേഖല സെക്രട്ടറി പ്രശോഭ് കോട്ടൂളിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യുവനേതാവ് ഷിജു ലാലുവും മത്സരരംഗത്തുണ്ടാവുമെന്നാണ് വിവരം.
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസാകും കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി. ബിജെപി ജില്ല പ്രസിഡന്റ് പ്രകാശ് ബാബുവും മത്സര രംഗത്തുണ്ട്. ചാലപ്രം വാര്‍ഡില്‍ നിന്നാണ് ഇരുവരും മത്സരിക്കുക. കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയസാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. രമേശ് ചെന്നിത്തലയ്ക്കാണ് കോഴിക്കോടിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി കോര്‍പ്പറേഷനുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ആലോചന.
തിരുവനന്തപുരത്ത് കെ മുരളീധരന്‍, കൊല്ലത്ത് പി സി വിഷ്ണുനാഥ്, കൊച്ചിയില്‍ വി ഡി സതീശന്‍, കോഴിക്കോട് രമേശ് ചെന്നിത്തല, കണ്ണൂരില്‍ കെ സുധാകരന്‍, തൃശൂരില്‍ റോജി എം ജോണ്‍ എന്നിങ്ങനെയാണ് ചുമതല നല്‍കിയിരിക്കുന്നത്.
