കോഴിക്കോട് ഐസിയു പീഡനക്കേസ്: സസ്‌പെൻഷനിലായ ജീവനക്കാർക്ക് തിരികെ കോഴിക്കോട് തന്നെ നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് സ്ഥലം മാറ്റിയ ജീവനക്കാർക്ക് തിരികെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഗ്രേഡ് വൺ അസിസ്റ്റന്റുമാരായ ആസ്യ, ഷൈനി, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷനൂജ, നഴ്‌സിംഗ് അസി. പ്രസീത എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് സ്ഥലം മാറ്റുകയുമായിരുന്നു.
ഷൈമ, ഷനൂജ, പ്രസീത എന്നിവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഷൈന, ആസ്യ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇവരെയാണ് കോഴിക്കോട് എംസിഎച്ച്, എൈംസിഎച്ച്, ചെസ്റ്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലായി പുനർനിയമിച്ചത്
തൈറോയിഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെ പീഡിപ്പിച്ച മെഡിക്കൽ കോളേജ് ജീവനക്കാരൻ ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി ഇവർ യുവതിയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. യുവതി ഇതുസംബന്ധിച്ച് രേഖാമൂലം മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് പരാതി നൽകിയത്.