കെപിസിസി പുനഃസംഘടന ഉടനില്ല; തിരക്കിട്ട് നേതൃമാറ്റം വേണ്ട: സണ്ണി ജോസഫ് തുടരുമെന്ന് ഹൈക്കമാന്‍ഡ്

സണ്ണി ജോസഫ്

തിരുവനന്തപുരം: കെപിസിസി നേതൃമാറ്റം വൈകും. അധ്യക്ഷ പദവിയിൽ മന്ത്രി സണ്ണി ജോസഫ് തുടരും. കെപിസിസി പുനഃസംഘടന ചർച്ചകൾ ഉടൻ ഉണ്ടാകില്ല. തിരക്കിട്ട് പുനഃസംഘടന വേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. സംഘടന സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻ‍ഡ് നിർദ്ദേശം നൽകി. വർക്കിംഗ് പ്രസിഡണ്ടുമാരും സജീവമാകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്. അധ്യക്ഷ പദവിയിൽ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിച്ചെങ്കിലും തൽക്കാലം പുതിയ കെപിസിസി പ്രസിഡൻ്റിനെ നിയമിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിൻ്റെ നിലപാട്.

അതേസമയം കെപിസിസി അധ്യക്ഷ പദവിയില്‍ നേതൃമാറ്റം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി. കേരളത്തില്‍ സംഘടന നിര്‍ജീവമായ അവസ്ഥയിലാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. 14 ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നടക്കുന്നില്ല. മന്ത്രി, പ്രസിഡന്റ് സ്ഥാനങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ സണ്ണി ജോസഫിനാവില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നേതൃമാറ്റം ഉടന്‍ ഉണ്ടാകണം. പുതിയ പ്രസിഡന്റാവുമെന്ന് സ്വയം പറഞ്ഞു നടക്കുന്നവരുണ്ട്. അത് വെറും പി ആര്‍ വര്‍ക്ക് മാത്രമാണ്. തന്റെ തല തന്റെ മുഖം എന്ന് പറയുന്ന സിനിമാ ഡയലോഗ് പോലെയാണവരെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ഹൈക്കമാന്‍ഡിനെ നേരത്തെ തന്നെ അഭിപ്രായം അറിയിച്ചിരുന്നു. മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. രമേശ് ചെന്നിത്തല, കെ മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടത്. സര്‍ക്കാരുമായി സഹകരിക്കുന്ന നേതാവിനെ പരിഗണിക്കണമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ കെ ആന്റണി, വി എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയിട്ടുമില്ല.

Tags

Share this story