നേതൃത്വത്തെ പരസ്യമായി വിമർശിച്ച എം കെ രാഘവനിൽ നിന്നും കെപിസിസി വിശദീകരണം തേടും

raghavan

പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച എംകെ രാഘവൻ എംപിയോട് കെപിസിസി വിശദീകരണം തേടും. വിവാദ പ്രസംഗത്തെ കുറിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഇന്നലെ കോഴിക്കോട് നടന്ന പരിപാടിയിലാണ് കെ രാഘവൻ നേതൃത്വത്തെ വിമർശിച്ച് പ്രസംഗിച്ചത്. 

വിമർശനവും വിയോജിപ്പും ഇല്ലാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നുമായിരുന്നു എം കെ രാഘവന്റെ വിമർശനം. പാർട്ടിയിൽ ജനാധിപത്യമില്ലെന്നും രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമില്ലെന്നും രാഘവൻ പറഞ്ഞിരുന്നു. ഇത് വാർത്തയായതോടെയാണ് കെപിസിസി പ്രസിഡന്റ് ഡിസിസി പ്രസിഡന്റിൽ നിന്ന് റിപ്പോർട്ട് തേടിയത്

അനവസരത്തിൽ അനുചിതമായ പ്രസ്താവനയാണ് എം കെ രാഘവൻ നടത്തിയതെന്ന് പ്രവീൺകുമാർ വിശദീകരിക്കുന്നു. വിഴുപ്പലക്കലിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാനുള്ള ആരോഗ്യം പാർട്ടിക്കിപ്പോൾ ഇല്ലെന്നും ഡിസിസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
 

Share this story