കറന്റ് എപ്പോള്‍ വരുമെന്ന് കെഎസ്ഇബിയിലേക്ക് വിളിച്ചയാള്‍ക്ക് മന്ത്രിയുടെ നമ്പര്‍ നല്‍കി ജീവനക്കാരന്‍; അന്വേഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരന്‍. വൈദ്യുതി തടസപ്പെട്ടപ്പോള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചയാള്‍ക്ക് ജീവനക്കാരന്‍ മന്ത്രിയുടെ നമ്പര്‍ നല്‍കി
മന്ത്രിയെ വിളിച്ചാല്‍ കറന്റ് എപ്പോള്‍ വരുമെന്ന് അറിയാന്‍ കഴിയുമെന്നും ജീവനക്കാരൻ പറഞ്ഞു. മന്ത്രി തന്നെയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തന്റെ നമ്പര്‍ കൈമാറിയ ജീവനക്കാരനെ കുറിച്ച് അന്വേഷിക്കാന്‍ ബോര്‍ഡ് ചെയര്‍മാനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട നിര്‍ബന്ധിത സാഹചര്യമാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ജനങ്ങളുടെ പ്രയാസം മനസിലാക്കുന്നുവെന്നും അവരോട് ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി നിയന്ത്രണത്തിന്റെ സമയം നാളെ മുതല്‍ ജനങ്ങളെ അറിയിക്കും. നിലവില്‍ ദേശീയ തലത്തില്‍ വലിയ രീതിയിലുള്ള ഊര്‍ജ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വളരെ കുറവാണെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 5200 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യം വന്നത്. കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 700 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ഗ്രിഡ് കണ്‍ട്രോള്‍ ബോര്‍ഡ് പറഞ്ഞിരുന്നു. ആന്ധ്രയില്‍ 86 ശതമാനം വൈദ്യുതിയും സ്വയം ഉല്‍പാദിപ്പിക്കുകയാണ്. കേരളത്തില്‍ അത് 25 ശതമാനമാണ്. വൈദ്യുതി കിട്ടാനുള്ള എല്ലാ സാധ്യതകളും പരിശോധക്കുന്നുണ്ട്.
എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ ജനങ്ങളുടെ സഹകരണമാണ് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണിക്ക് ശേഷവും പീക്ക് യൂസേജ് ആണ് നടക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ കാസര്‍കോടും അരീക്കോടും BESS പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ഇബിക്ക് വീഴ്ചയുണ്ടായെന്ന് പറയാന്‍ സാധിക്കില്ല. ജൂലൈയില്‍ കിട്ടേണ്ട മഴ ലഭിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 30 വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം മാധ്യമങ്ങളോട് പ്രതികരിച്ചത്.
