ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെഎസ്ആർടിസി; അമിതവേഗത ഇല്ലായിരുന്നെന്ന് യാത്രക്കാരും: മെമ്മറികാര്‍ഡില്‍ വഴിമുട്ടി അന്വേഷണം

Trivandram

തിരുവനന്തപുരം: മേയറുമായി തര്‍ക്കമുണ്ടായ വിഷയത്തില്‍ ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ്ങില്‍ തെറ്റില്ലെന്ന് കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം കണ്ടെത്തി. മേയറാണെന്ന് അറിഞ്ഞശേഷവും പ്രോട്ടക്കോള്‍ പാലിക്കാതെ മേയറോടു തര്‍ക്കിച്ചത് ശരിയല്ലെന്നാണ് ഡ്രൈവര്‍ക്കെതിരേയുള്ള കുറ്റം.

എന്നാല്‍, സംഭവം നടന്ന് തൊട്ടടുത്ത ദിവസം ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ക്യാമറാ ദൃശ്യങ്ങളെക്കുറിച്ച് പരാമര്‍ശമില്ലായിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് രണ്ടാംദിവസംതന്നെ മന്ത്രി മടക്കിയിരുന്നു. ക്യാമറാ ദൃശ്യങ്ങളടക്കം പരിശോധിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മന്ത്രി വിശദമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായി. ഇതോടെ വിജിലന്‍സ് അന്വേഷണവും വഴിമുട്ടിയ രീതിയിലാണ്. ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ബസ് അതിവേഗത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടില്ല. കാര്‍ കുറുകേയിട്ട് ഇറങ്ങിയവരാണ് തര്‍ക്കത്തിനു തുടക്കമിട്ടതെന്നാണ് യാത്രക്കാരുടെ മൊഴി.

മേയര്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ നിര്‍ണായക തെളിവായ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായതില്‍ തമ്പാനൂര്‍ ഡിപ്പോ മേധാവി ബഷീറിനും എന്‍ജിനിയര്‍ ശ്യാം കൃഷ്ണനും വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥവീഴ്ച വെളിപ്പെട്ടത്. ട്രിപ്പ് കഴിഞ്ഞെത്തുന്ന ബസിന്റെ മേല്‍നോട്ടം ഡിപ്പോ എന്‍ജിനിയര്‍ക്കാണ്. ഡിപ്പോ മേധാവിക്കും ഉത്തരവാദിത്വമുണ്ട്.

Share this story