കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജിന്റെ അടുത്തുപോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയതെന്ന് വി ഡി സതീശന്‍; പുറത്തുവന്ന ദൃശ്യങ്ങള്‍ നോക്കൂ

Satheeshan

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നവാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതില്‍ പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായതെന്നും ഇത് വാര്‍ത്താ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തില്‍ വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നോ നാലോ കെ.എസ്.യു പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. 35ഓളം പോലീസുകാര്‍ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവര്‍ത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. വിഷയം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും കെ.എസ്.യു. പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. മന്ത്രി കണ്ണൂര്‍ ജില്ലാ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കെഎസ്യു പ്രവര്‍ത്തകര്‍ മന്ത്രി ആക്രമിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കമുള്ള നേതാക്കളും ആരോപിച്ചു. എന്നാല്‍ മന്ത്രിക്കുനേരെ കൈയേറ്റം നടന്നിട്ടില്ലെന്നാണ് കെഎസ്യുവിന്റെ വാദം. സംഭവത്തില്‍ സംസ്ഥാനത്തെങ്ങും സിപിഎം വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags

Share this story