കുംഭമേള വൈറൽ പെൺകുട്ടിക്ക് ജീവന് ഭീഷണി: സംരക്ഷണം നൽകാൻ പോലീസിന് ഹൈക്കോടതി നിർദ്ദേശം
കൊച്ചി: കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി പോലീസിന് നിർദേശം നൽകി. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
തനിക്കും ഭർത്താവിനും എതിരെയുണ്ടാകുന്ന ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് യുവതി കോടതിയെ സമീപിച്ചത്. ആവശ്യപ്പെടുന്ന പക്ഷം ആവശ്യമായ സുരക്ഷയും സംരക്ഷണവും നൽകാൻ എറണാകുളം സെൻട്രൽ പോലീസിന് കോടതി നിർദേശം നൽകുകയായിരുന്നു.
മധ്യപ്രദേശ് സ്വദേശിയായ പെൺകുട്ടി പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയ്ക്കിടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. തുടർന്ന് കാമുകനുമൊത്ത് കേരളത്തിലെത്തിയ ഇവർ തമ്മിൽ വിവാഹിതരായെങ്കിലും പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവിനെതിരെ തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരുന്നുണ്ടെന്നും ജീവന് അപകടമുണ്ടെന്നും കാണിച്ചാണ് പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്.
