കുന്നംകുളത്തെ മൂന്നാംമുറ: പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് നീക്കം

തൃശൂർ കുന്നംകുളത്തെ മൂന്നാംമുറയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് നീക്കം. ഇന്ന് നടപടി പ്രഖ്യാപിച്ചേക്കും. അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞതിനേക്കാൾ ഭീകരമാണ് മർദനത്തിന്റെ ദൃശ്യങ്ങളെന്നാണ് ഉന്നതതല വിലയിരുത്തൽ. പോലീസ് സേനയുടെ മുഖം രക്ഷിക്കുന്ന നടപടിയുണ്ടാകണമെന്നാണ് പൊതുവികാരം. വിഷയത്തിൽ അടിയന്തര പരിഹാരം വേണമെന്ന് സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്
വിഷയത്തിൽ നിയമസാധുത കൂടി പരിശോധിച്ചാണ് നടപടിക്കൊരുങ്ങുന്നത്. കോടതി പ്രതി ചേർത്ത സിപിഒ ശശിധരനെതിരെ പോലീസ് അച്ചടക്ക നടപടി സ്വീകരിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു. ശശിധരനെ നടപടികളിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് മർദനമേറ്റ സുജിത്ത് വിഎസ് ആരോപിച്ചിരുന്നു
അതേസമയം ശശിധരന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും. രമേശ് ചെന്നിത്തല ഇന്ന് സുജിത്തിനെ സന്ദർശിക്കും. പോലീസ് മർദനത്തിനെതിരെ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരം നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നലെ പറഞ്ഞിരുന്നു.