ലേബര്‍കോഡ്; മുഖ്യമന്ത്രിയുടേത് സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള വ്യഗ്രതയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തില്‍ ലേബര്‍ കോഡ് നടപ്പിലാക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ പിഎംശ്രീയിലും വഖഫ് ഭേദഗതി നിയമത്തിലും ഉള്‍പ്പെടെ കണ്ട അതേ വ്യഗ്രതയാണ് ലേബര്‍കോഡ് വിഷയത്തിലും മുഖ്യമന്ത്രിയില്‍ കാണാന്‍ കഴിയുന്നതെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. ലേബര്‍ കോഡിലെ കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടിനെപ്പോലും തൃണവല്‍ഗണിച്ചുകൊണ്ടാണ് മുഖ്യമന്ത്രി എന്‍ഡിഎ സര്‍ക്കാര്‍ നയങ്ങളെ അതേപടി പിന്‍പറ്റുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
ലേബര്‍ കോഡ് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ആരെ തൃപ്തിപ്പെടുത്താനാണെന്ന് പറയേണ്ടതില്ല. അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബര്‍ കോഡിന്റെ വിജ്ഞാപനം 2025 നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. പാര്‍ലമെന്റില്‍ ലേബര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശിച്ച ഒരു മാറ്റം പോലും അംഗീകരിക്കാതെ പൂര്‍ണ്ണമായും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനായാണ് ലേബര്‍ കോഡുകള്‍ കൊണ്ടുവന്നത്. ലേബര്‍ കോഡ് കേരളത്തില്‍ നടപ്പിലാക്കില്ലെന്നാണ് അന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ലേബര്‍ കോഡിനെ പറ്റി വിശദമായി പഠിക്കുന്നതിന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് വി ഗോപാല്‍ ഗൗഡ അധ്യക്ഷനായ ഒരു കമ്മീഷനെ എല്‍ഡിഎഫ് സര്‍ക്കാര്‍ 2026 ജനുവരി 22 ന് നിയമിക്കുകയുണ്ടായി. കമ്മീഷന്‍ 2026 മാര്‍ച്ച് 5 ന് ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായ അധികാരമുണ്ടെന്നും അതിനായി നിയമനിര്‍മ്മാണം നടത്താമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി', പിണറായി വിജയന്‍ പറഞ്ഞു.
കമ്മീഷന്‍ റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാല്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയാതെ പോയി. ഗോപാല്‍ ഗൗഡ കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മേശപ്പുറത്തുണ്ട്. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ലേബര്‍ കോഡ് നടപ്പിലാക്കാന്‍ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി വ്യഗ്രത കൂട്ടുകയാണ്. ലേബര്‍ കോഡിലെ ഒന്നോ രണ്ടോ നിര്‍ദേശങ്ങളില്‍ മാത്രമാണ് പ്രശ്‌നമെന്നു പറഞ്ഞുകൊണ്ട് കാര്യങ്ങളെ നിസ്സാരവല്‍ക്കരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്', എന്നും മുന്‍ മുഖ്യമന്ത്രി വിമര്‍ശിച്ചു.
