തൃശൂര്‍ പൂരം വിവാദത്തില്‍ പൊലീസിന്റെ വീഴ്ച; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

Kera

തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടു കൂടിയാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് വൈകിയതിന് പിന്നില്‍ പൊലീസ് എന്ന ആരോപണം ശക്തമാകുന്നതിനിടെ ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പൊലീസ് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ സര്‍ക്കാര്‍ നടപടിയിലേക്കു കടന്നത്. ഉയര്‍ന്ന പരാതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പൊലീസ് വീഴ്ചയില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ രാജന്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിയിരുന്നു. പൂരത്തിന്റെ ആചാരങ്ങള്‍ അറിയാത്ത പൊലീസുകാര്‍ ഡ്യൂട്ടിക്ക് എത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തൃശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ് സുനില്‍കുമാര്‍ ആരോപിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മനപൂര്‍വം ഉണ്ടാക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം.

അതേസമയം സിറ്റി പൊലീസ് കമ്മീഷണര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം.

Share this story