കോട്ടയത്ത് അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു; സംഭവം സ്‌കൂട്ടറില്‍ പോകുന്നതിനിടെ
Jan 13, 2026, 08:22 IST
നായാട്ടിന് പോയ അഭിഭാഷകൻ സ്‌കൂട്ടർ മറിഞ്ഞതിനെ തുടർന്ന് അബദ്ധത്തിൽ തോക്ക് പൊട്ടി വെടിയേറ്റ് മരിച്ചു. ഉഴവൂർ ഓക്കാട്ട് അഡ്വക്കേറ്റ് ജോബി ജോസഫാണ്(56) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.
ലൈസൻസുള്ള തോക്കുമായി സ്ഥിരമായി നായാട്ടിന് പോകാറുള്ള ജോബി തിങ്കളാഴ്ച രാത്രിയും തിര നിറച്ച തോക്കുമായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. പോക്കറ്റ് റോഡിലെ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞു
ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരു വശത്ത് വെടിയുണ്ട തുളച്ചുകയറി. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തുള്ള വീട്ടുകാരാണ് വീണുകിടക്കുന്ന ജോബിയെ കണ്ടത്. വെടിയേറ്റ ഉടൻ മരണം സംഭവിച്ചതായാണ് വിവരം.
