ആധിപത്യം തുടരാൻ എൽഡിഎഫ്, തിരിച്ചുവരാൻ യുഡിഎഫ്; തദ്ദേശ പോരിൽ ആര് വാഴുമെന്ന് നാളെയറിയാം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആധിപത്യം തുടരാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കരുത്ത് കാണിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിയും പുലർത്തുന്നു
941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 14 ജില്ലാ പഞ്ചായത്ത്, 86 മുൻസിപ്പാലിറ്റികൾ, 6 കോർപറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ ത്രിതല പഞ്ചായത്തുകളുടെയും മുൻസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ അതാത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും
ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളുടെയും ഫലമാകും ആദ്യം പുറത്തുവരിക. ജില്ലാ പഞ്ചായത്തുകളിലേത് അടക്കം ഉച്ചയ്ക്ക് 2 മണിയോടെ പൂർണ ഫലം അറിയാനാകും. രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 74 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2.10 കോടിയോളം പേർ വോട്ട് രേഖപ്പെടുത്തി.
