യുഡിഎഫ് ധവളപത്രത്തിന് പൂട്ടിടാൻ എൽഡിഎഫ്; ഓരോ ഖണ്ഡികയ്ക്കും ബദൽ വാദങ്ങളുമായി ‘ബദൽ ധവളപത്രം’ ഇറക്കും
സര്‍ക്കാരിന്റെ ധവളപത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കാനാണ് ധാരണ. സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന പ്രചാരണത്തിന് തടയിടാനാണ് ബദല്‍ നീക്കം.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം ഇന്നാണ് നിയമസഭയില്‍ മേശപ്പുറത്ത് വെയ്ക്കുന്നത്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റ് അം?ഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍.
അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
