കൽപ്പറ്റ തിരിച്ചു പിടിക്കാൻ എൽഡിഎഫ്: സിദ്ദീഖിന്റെ എതിരാളി ജുനൈദ് കൈപ്പാണി! കൽപ്പറ്റയിൽ ശക്തമായ മത്സരം..?

Junaid kaipani

കല്‍പ്പറ്റ: മികച്ച സ്ഥാനാര്‍ഥിയിലൂടെ കല്‍പ്പറ്റ നിയോജക മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന കണക്കുകൂട്ടലില്‍ എല്‍ ഡി എഫ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിച്ച മേല്‍ക്കൈ എങ്ങനെ മറികടക്കാനാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ഇടത് കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണ്.

കല്‍പറ്റ മുന്‍സിപ്പാലിറ്റി എല്‍.ഡി.എഫിന് ലഭിച്ചെങ്കിലും മണ്ഡല പരിധിയിലെ 10 പഞ്ചായത്തുകളില്‍ എട്ടിലും യു.ഡി.എഫിനാണ് ആധിപത്യം. മുട്ടില്‍, മുപ്പൈ നാട് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചത്. കണിയാമ്പറ്റ, കോട്ടത്തറ, മേപ്പാടി, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകളില്‍ യു.ഡി.എഫ് വിജയിച്ചു. വൈത്തിരി, പൊഴുതന പഞ്ചായത്തുകള്‍ എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. 

മൂപ്പൈനാട് പഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും എല്‍.ഡി.എഫ് വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.
നിയോജക മണ്ഡലം പരിധിയില്‍ ആകെയുള്ള 173 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ സ്വതന്ത്രരടക്കം 107 സ്ഥലങ്ങളില്‍ യു.ഡി.എഫിനാണ് ജയം. എല്‍.ഡി.എഫ് സ്വതന്ത്രരടക്കം 61 ഇടങ്ങളില്‍ മാത്രമാണ് വിജയിച്ചത്. എന്‍.ഡി.എ മൂന്ന് വാര്‍ഡുകളില്‍ ഒതുങ്ങി. 
അതേസമയം കല്‍പറ്റ നഗരസഭയില്‍ 17 വാര്‍ഡുകളും എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 11 ഇടത്താണ് യു.ഡി.എഫിന്റെ വിജയം. രണ്ടിടത്ത് എന്‍.ഡി.എയും വിജയിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്. ആകെയുള്ള 16 ഡിവിഷനുകളില്‍ രണ്ടിടത്ത് മാത്രമാണ് എല്‍.ഡി.എഫ് വിജയിച്ചത്. 14 ഡിവിഷനുകളിലും യു.ഡി.എഫ് ആണ്. കല്‍പറ്റ നിയോജക മണ്ഡലം പരിധിയിലെ ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നില്‍ പോലും എല്‍.ഡി.എഫിന് വിജിയിക്കാനായില്ല. തദ്ദേശഫലം ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കാന്‍ എല്‍.ഡി.എഫ് ഗൗരവമായ ആലോചനയിലാണ്. 
യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദീഖ് ആകുമെന്നത് ഉറപ്പാണ്. യു.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നതാണ് മണ്ഡലത്തിലെ തദ്ദേശ വോട്ടിങ് ശതമാനം. 5,470 വോട്ടിനാണ് 2021ല്‍ നടന്ന നിയമസഭ തെരഞ്ഞടുപ്പില്‍ ടി.സിദ്ദീഖ് എം.എല്‍.എ ജയിച്ചിരുന്നത്. 

സിദ്ദീഖിന്റെ ജനകീയതയെ നേരിടാന്‍ പാകത്തിലുള്ള സ്ഥാനാര്‍ഥിയെയാണ് ഇത്തവണ എല്‍ ഡി എഫ് രംഗത്തിറക്കുക. എല്‍.ഡി.എഫില്‍ സീറ്റ് ഇത്തവണയും ആര്‍ ജെ ഡിക്ക് ആയിരിക്കും. കഴിഞ്ഞ തവണ  പരാജയപ്പെട്ട ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാര്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യത കുറവാണെന്നാണറിയുന്നത്. ശ്രേയാംസ് മാറി നിൽക്കുകയാണെങ്കിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയംഗവും എഴുത്തുകാരനും മുൻ ജില്ലാ പഞ്ചായത്തംഗവുമായ  
ജുനൈദ് കൈപ്പാണിയെ പരിഗണിക്കാനാണ് സാധ്യത. ജുനൈദിൻ്റെ  ജനകീയതയും യുവത്വവും വോട്ടായി മാറുമെന്ന ചിന്ത  എല്‍.ഡി.എഫ് വൃത്തങ്ങളിലുണ്ട്. മൂന്ന് പതിറ്റാണ്ടായി യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്ന വെള്ളമുണ്ടയിൽ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് ജുനൈദ് ജില്ലയിലെ രാഷ്ട്രീയ ചർച്ചകളിൽ സ്ഥാനം പിടിച്ചത്.  അങ്ങനെ വന്നാല്‍ ടി സിദ്ദിഖിന് ഒത്ത എതിരാളിയാകും വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ മുൻ ചെയർമാൻ കൂടിയായ ജുനൈദ് കൈപ്പാണിയെന്ന അഭിപ്രായം മുന്നണിയ്ക്കുള്ളിലുണ്ട്.
അതേസമയം, ശ്രേയാംസ്‌കുമാറിന്റെ കുടുംബത്തില്‍ നിന്നും ആരെങ്കിലും വരാനുള്ള സാധ്യതയും തള്ളികളയാനാവില്ല.

യുവജനതാദള്‍ നേതാക്കളായ പി. പി ഷൈജല്‍, അജ്മൽ സാജിദ് എന്നിവരും പരിഗണനാ പട്ടികയില്‍ സജീവമായുണ്ട്. മറ്റ് നിരവധി നേതാക്കളും സ്ഥാനാര്‍ഥിയാവാന്‍ ചരടുവലിക്കുന്നുണ്ട്.  ഏതായാലും വരും ദിവസങ്ങളിലെ നിർണായക രാഷ്ട്രീയ കൂടിയാലോചനകളോടെയാവും കൽപ്പറ്റ  മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം വ്യക്തമാകുക.

Tags

Share this story