യുഡിഎഫ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെത്തും; പിപിപി പാര്‍ട്ടി പ്രഖ്യാപനം ഉടനെന്നും ജോണി നെല്ലൂര്‍

കേരളത്തെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ നേരായ രീതിയില്‍ കൈകാര്യം ചെയ്യാനാണ് നാഷണലിസ്റ്റ് പ്രോഗ്രസ്സീവ് പാര്‍ട്ടി രൂപീകരിച്ചതെന്നു മുന്‍ യുഡിഎഫ് നേതാവ് ജോണി നെല്ലൂര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. കേരളത്തിലെ കര്‍ഷകരുടെ മുന്നില്‍ നീറുന്ന ഒട്ടനവധി പ്രശ്നങ്ങളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അവരൊന്നും തന്നെ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കുകയോ കര്‍ഷകര്‍ക്ക് വേണ്ടി നിലയുറപ്പിക്കുകയോ ചെയ്യുന്നില്ല. എന്‍പിപി ജോണി നെല്ലൂര്‍ പറയുന്നു.
ഒരു കേരള കോണ്‍ഗ്രസായി എന്‍പിപിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. കേരള കോണ്‍ഗ്രസില്‍ നിന്നും മാത്രമല്ല, മറ്റു പാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിക്കാത്ത നേതാക്കള്‍ എന്‍പിപിയിലേക്ക് കടന്നുവരും. ഒട്ടുവളരെ നേതാക്കള്‍ ബന്ധപ്പെടുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനം വന്നാല്‍ അത് മെച്ചപ്പെട്ട രീതിയിലേക്ക് പോകും. ജോസഫ് ഗ്രൂപ്പില്‍ ഉള്ളപ്പോള്‍ തന്നെ ഞങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ അത് ക്രിസ്തീയ കൂട്ടായ്മയായാണ് രൂപപ്പെട്ടത്. ചര്‍ച്ചകള്‍ കൂടുതല്‍ നടന്നപ്പോഴാണ് സെക്യുലര്‍ പാര്‍ട്ടിയ്ക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചത്.
യുഡിഎഫില്‍ ഉള്ളപ്പോള്‍ എല്ലാ മീറ്റിംഗുകളിലും പങ്കെടുത്ത ആളാണ് ഞാന്‍. ഞാന്‍ പങ്കെടുക്കാത്ത ഒരു യുഡിഎഫ് യോഗവുമുണ്ടായിട്ടില്ല. അത് യുഡിഎഫ് നേതാക്കളോട് ചോദിച്ചാല്‍ മതി. കൊവിഡിന്റെ കാലത്ത് മാത്രമാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. വി.ഡി.സതീശന് അദ്ദേഹത്തിനോട് ഒഴികെ മറ്റെല്ലാവരോടും പുച്ഛമാണ്. അദ്ദേഹം മാത്രം എല്ലാം തികഞ്ഞ വലിയവന്‍. അതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാറിയതോടെ ഘടകകക്ഷികള്‍ക്ക് ഒരു പരിഗണനയും യുഡിഎഫില്‍ ലഭിക്കുന്നില്ല. എന്താണ് ചവറ പോലുള്ള ഒരു യുഡിഎഫ് മണ്ഡലത്തില്‍ ജയിക്കാന്‍ ഷിബു ബേബി ജോണിന് കഴിയാത്തത്-ജോണി നെല്ലൂര്‍ പറയുന്നു.
എന്‍പിപി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു വര്‍ഷമായി ചര്‍ച്ച നടക്കുകയാണ്. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചര്‍ച്ചയ്ക്ക് എടുത്തത്. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ പലതും ക്രൈസ്തവര്‍ക്ക് ലഭിക്കുന്നില്ല. ബുദ്ധ-സിഖ് മതങ്ങള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കും അര്‍ഹതയുണ്ട്. ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. ഇതെല്ലാം ഞങ്ങളുടെ ആവശ്യങ്ങളായി നിലനില്‍ക്കുന്നു.
ആദ്യം ക്രൈസ്തവ പാര്‍ട്ടി എന്ന രീതിയിലാണ് ചിന്തിച്ചത്. എന്നാല്‍ പിന്നീട് ഞങ്ങള്‍ അത് സെക്യുലര്‍ പാര്‍ട്ടിയായി മാറ്റാനാണ് തീരുമാനിച്ചത്. മുഴുവന്‍ സമുദായങ്ങളുമായി ബന്ധപ്പെട്ട് വിശാലമായ രീതിയിലാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. നേതാക്കളില്‍ കുറച്ച് പേര്‍ കര്‍ട്ടന് പിന്നിലുണ്ട്. ഉടന്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തി അവരുടെ പേരുകള്‍ പുറത്ത് വിടും.
ആരോടും തൊട്ടുകൂടായ്മയില്ല. ഇതൊരു രാഷ്ട്രീയ ലൈനാണ്. ഞങ്ങളുടെ ആവശ്യങ്ങളുമായി യോജിച്ച് പോകുന്നവരുമായി സഖ്യമാകാം. ബിഷപ്പുമാര്‍ക്ക് പരസ്യമായി രാഷ്ട്രീയമില്ല. ബിഷപ്പുമാര്‍ ഞങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. ബിഡിജെഎസ് പോലുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല എന്‍പിപി. ബിഡിജെഎസ് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചായിരുന്നു എന്‍പിപി ഇടപെടാന്‍ പോകുന്നത് കാര്‍ഷിക പ്രശ്നങ്ങളിലാണ്.
കേരളത്തില്‍ ഒട്ടനവധി കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹൃതമല്ല. റബര്‍ കൃഷിക്കാരുടെ പ്രശ്നങ്ങള്‍ നീറുന്ന രീതിയില്‍ മുന്നിലുണ്ട്. റബറിനെ കാര്‍ഷിക ഉത്പന്നമാക്കി പ്രഖ്യാപിക്കണം. നിലവില്‍ റബര്‍ വ്യാവസായിക ഉത്പ്പന്നമാണ്. നെല്ലിന്റെ സംഭരണവില കൂട്ടണം. റബറിന് കിലോയ്ക്ക് മുന്നൂറു രൂപയെങ്കിലും ഏര്‍പ്പെടുത്തണം. മറ്റു നാണ്യവിളകളെയും സംരക്ഷിക്കപ്പെടെണ്ടതുണ്ട്. തീരദേശ ജനത അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിവരണാതീതമാണ്. കടല്‍ തീരം തീരദേശവാസികളുടെതാണ്. തീരദേശഅവകാശനിയമം എന്നൊരു നിയമം കൊണ്ടുവരണം. കേരളത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കണം.
കേരളത്തിലെ യുവാക്കള്‍ കേരളം വിട്ടോടുകയാണ്. യുവാക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി തൊഴില്‍ പരിശീലനം കൊടുത്ത് യുവാക്കളെ കേരളത്തില്‍ തന്നെ പിടിച്ച് നിര്‍ത്തണം. ഇതിനായുള്ള ഒരു നയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. ബഫര്‍സോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കണം, അക്രമകാരികളായ കാട്ടുമൃഗങ്ങളെ വനത്തിലെ പ്രത്യേക മേഖലയിലേക്ക് മാറ്റണം എന്ന ആവശ്യങ്ങള്‍ക്ക് എന്‍പിപി മുന്തിയ പരിഗണന നല്‍കുന്നു. പാര്‍ട്ടി പ്രഖ്യാപനത്തോടെ എന്‍പിപി കേരള രാഷ്ട്രീയത്തില്‍ ഇടപെടല്‍ നടത്തും-ജോണി നെല്ലൂര്‍ പറയുന്നു.