ലീഗ് സ്വതന്ത്രൻ വോട്ട് മാറ്റിക്കുത്തി; വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽഡിഎഫിന്
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഭരണം എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന്റെ കെ വി നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് അംഗം വോട്ട് മാറ്റി കുത്തിയതോടെയാണ് ഭരണം എൽഡിഎഫിന് ലഭിച്ചത്
ലീഗ് സ്വതന്ത്രനായ ജാഫർ മാഷാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്തത്. തളി ഡിവിഷനിൽ നിന്നാണ് ജാഫർ മാഷ് വിജയിച്ചത്. ഇതോടെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റാണ് ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്നത്.
അതേസമയം കുമരകം പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണ യുഡിഎഫിന് ലഭിച്ചു. ഇതോടെ എൽഡിഎഫും യുഡിഎഫിനും എട്ട് വീതം വോട്ടാണ് കിട്ടിയത്. തുടർന്ന് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. ബിജെപി അംഗം പിന്തുണച്ച യുഡിഎഫ് പ്രതിനിധി എപി ഗോപി തന്നെ നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
