ലേക്കർ ഇന്ത്യ പ്രദർശിപ്പിച്ച ജി.എസ്.ടി നമ്പർ വ്യാജമെന്ന് ആരോപണം; അന്വേഷണം ശക്തമാക്കി അധികൃതർ

ലേക്കർ ഇന്ത്യ

കോഴിക്കോട്: വീണ ടിയുടെ ഉടമസ്ഥതയിലുള്ള 'ലേക്കർ ഇന്ത്യ കോർപ്പ്' പ്രദർശിപ്പിച്ച ജിഎസ്ടി നമ്പർ വ്യാജമാണെന്ന് ആരോപണം. എന്നാൽ തങ്ങളുടെ കമ്പനിക്കെതിരെ നടക്കുന്നത് അപവാദ പ്രചാരണങ്ങളാണെന്നും നിയമപരമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി കമ്പനി ഉടമകളിൽ ഒരാളായ ഡോ. അനീസ് അറയ്ക്കൽ രംഗത്തെത്തിയിരുന്നു. 

പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത് സ്ഥാപനത്തിന്റെ മുറിയിൽ ഒരു എ ഫോർ ഷീറ്റിൽ പ്രിന്റ് ചെയ്ത് ഒട്ടിച്ച ജിഎസ്ടി നമ്പറാണ്. സാധാരണയായി 15 അക്കങ്ങളുള്ള ജിഎസ്ടി നമ്പറുകൾക്ക് പകരം അതിൽ 14 അക്കങ്ങൾ മാത്രമാണ് ലേക്കർ ഇന്ത്യ പ്രദർശിപ്പിച്ചിരുന്നത്. ഈ നമ്പർ ജിഎസ്ടി പോർട്ടലിൽ പരിശോധിച്ചപ്പോൾ അങ്ങനെയൊരു നമ്പർ നിലവിലില്ലെന്ന്  കാണിക്കുന്നുണ്ട്.  ജിഎസ്ടി തർക്കം മാത്രമല്ല  ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള ലൈസൻസുമായി ബന്ധപ്പെട്ടും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഓഫീസിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നെങ്കിലും  സാങ്കേതികവും രേഖകളുടെ ഫോർമാറ്റുമായി ബന്ധപ്പെട്ടതുമായ ചില തിരുത്തലുകൾ നിർദ്ദേശിച്ചുകൊണ്ട് പഞ്ചായത്ത് അധികൃതർ അപേക്ഷ തിരികെ നൽകുകയായിരുന്നുവെന്നും. ആവശ്യമായ തിരുത്തലുകൾ വരുത്തി അപേക്ഷ വീണ്ടും സമർപ്പിക്കാനുള്ള മറ്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു.

ഇതിനിടയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയമപരമായ എല്ലാ നിർദ്ദേശങ്ങളും പാലിച്ചാണ് കമ്പനി ആരംഭിച്ചതെന്നും ലേക്കർ ഇന്ത്യ ഒരു കടലാസ്സ് കമ്പനിയാണെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ വസ്തുതാപരമല്ലെന്നും ഡോ. അനീസ് അറയ്ക്കൽ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ജിഎസ്ടി രജിസ്ട്രേഷൻ, എംഎസ്എംഎ/ഉദ്യം രജിസ്ട്രേഷൻ, ഹോൾസെയിൽ ഫാർമസി ലൈസൻസ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും കമ്പനിക്ക് നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Tags

Share this story