നിയമസഭാ സമ്മേളനം; പ്രതിപക്ഷം പ്രതിഷേധത്തിൽ: കറുത്ത ഷർട്ട് ധരിച്ച് എംഎൽഎമാർ

MLA

തിരുവനന്തപുരം : നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തോടെയാണു സമ്മേളനത്തിനു തുടക്കമായത്. ചോദ്യോത്തര വേളയിലടക്കം പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തുടർന്നു. നികുതിഭാരവും മുഖ്യമന്ത്രിയുടെ അധികസുരക്ഷയും ഉന്നയിച്ചാണു പ്രതിപക്ഷം പ്രതിഷേധം കനപ്പിക്കുന്നത്. ബജറ്റ് അവരതണത്തിനു ശേഷം ഈ മാസം ഒൻപതിനാണു സഭ താത്കാലികമായി പിരിഞ്ഞത്.

എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവർ കറുത്ത ഷർട്ട് ധരിച്ചാണു നിയമസഭാ സമ്മേളനത്തിനെത്തിയത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പിനു വിലക്കേർപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണു എംഎൽഎമാർ കറുത്ത വസ്ത്രം ധരിച്ചെത്തിയിരിക്കുന്നത്. ഇത് കേരളമാണ് ഉത്തര കൊറിയയല്ല, പേടിയുണ്ടെങ്കിൽ മുഖ്യമന്ത്രി വീട്ടിലിരിക്കണം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തിയാണ് എംഎൽഎമാർ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

മാർച്ച് 30 വരെയാണു നിയമസഭ ചേരുക. ധനകാര്യ ബില്ലും ധനവിനിയോഗ ബില്ലും സമ്മേളനത്തിൽ പാസ‌ാക്കും.

Share this story